renjith

 വിധി അപൂർവങ്ങളിൽ അപൂർവം

 കൂട്ട വധശിക്ഷ കേരളത്തിൽ ആദ്യം

ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് നിഷ്കരുണം വെട്ടിക്കൊന്ന കേസിലെ 15 പ്രതികളിൽ 14 പേർക്കും വധശിക്ഷ. ആശുപത്രിയിലുള്ള ശേഷിക്കുന്നയാളുടെ ശിക്ഷ പിന്നീട് വിധിക്കും.

ഇതോടെ പ്രതികളെ ഒന്നാകെ തൂക്കിലേറ്റാൻ വിധിക്കുന്ന രാജ്യത്തെ അപൂർവം കേസിലൊന്നായി മാറി. പോപ്പുലർ ഫ്രണ്ട്,​ എസ്.ഡി.പി.ഐക്കാരാണ് പ്രതികൾ. ഒരുകേസിൽ കൂട്ട വധശിക്ഷ കേരളത്തിൽ ആദ്യമാണ്.

മാവേലിക്കര അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമേ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്ക് ജീവപര്യന്തവും പതിനഞ്ച് വർഷം തടവും 9 മുതൽ പതിനഞ്ച് വരെ പ്രതികളിൽ പത്താം പ്രതിക്കൊഴികെ 8 വ‌ർഷം തടവുമുണ്ട്. ഒന്നുമുതൽ എട്ടുവരെ പ്രതികൾക്ക് രണ്ട് ലക്ഷം വീതം പിഴയും മറ്റുള്ളവർക്ക് ഓരോ ലക്ഷം പിഴയും വിധിച്ചു.

പിഴത്തുകയിൽ 6 ലക്ഷം രൂപ രൺജിത്തിന്റെ മാതാവിനും ഭാര്യയ്ക്കും മക്കൾക്കും നൽകണം.

അപൂർവങ്ങളിൽ അപൂർവം കേസായി പരിഗണിച്ച കോടതി കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്തവരും തുല്യ പങ്കാളികളാണെന്ന് നിരീക്ഷിച്ചാണ് എല്ലാവരെയും തൂക്കിലേറ്റാൻ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പറഞ്ഞു.

ആലപ്പുഴ കോമളപുരം മാച്ചനാട് കോളനിയിൽ നൈസാം(44), മണ്ണഞ്ചേരി വടക്കേച്ചിറപ്പുറം അജ്മൽ(30), ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്(38), ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലം(34), മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം (സലാം- 37), അടിവാരം ദാറുസ്സബീൻ വീട്ടിൽ അബ്ദുൽ കലാം(45), തൈവേലിക്കകം സറഫുദീൻ(27), മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്(35), കടവത്തുശേരി ചിറയിൽ ജസീബ് രാജ(36),കോമളപുരം തയ്യിൽ സമീർ(39), മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണർകാട് നസീർ(52), മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ(38), തെക്കേവെളിയിൽ ഷാജി (49), മുല്ലയ്ക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ്(40) എന്നിവരാണ് പ്രതികൾ.

ഇതിൽ പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലുള്ള പത്താംപ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസിന് ഹാജരാകാൻ കഴിയാത്തതിനാലാണ് ശിക്ഷ പ്രസ്താവിക്കാത്തത്. ആശുപത്രി വിടുന്ന മുറയ്ക്ക് ശിക്ഷ വിധിക്കും. അതേസമയം, തുല്യപങ്കുള്ളതിനാൽ നവാസും വധശിക്ഷയ്ക്ക് അർഹനാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പറഞ്ഞു.

പ്രതികളെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാക്കി. വിധിക്ക് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാലുടൻ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

ഇന്നലെ രാവിലെ 11നാണ് കനത്ത കാവലിൽ പ്രതികളെ ഹാജരാക്കിയത്. രൺജിത്തിന്റെയും പ്രതികളുടെയും ബന്ധുക്കളും ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവർത്തകരുമടക്കം വൻ ജനാവലി എത്തിയിരുന്നു. മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മൗനപ്രാർത്ഥനയ്ക്ക് ശേഷം കോടതി നടപടികൾ ആരംഭിച്ചു. ആദ്യകേസായി വിളിച്ച് ഇരുപത് മിനിട്ടിനകം വിധി പ്രസ്താവം പൂർത്തിയാക്കി.

വീട്ടുകാർക്ക് മുന്നിലിട്ട് വെട്ടി;
രക്ഷപ്പെടാതിരിക്കാൻ കാവൽ

 2021 ഡിസംബർ 19ന് പുലർച്ചെ രൺജിത്തിനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിനുറുക്കി

 ഒന്നു മുതൽ 12വരെ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറുകയും ഒന്നു മുതൽ എട്ടുവരെ പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു

 രൺജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചാൽ വകവരുത്താനായി 9 മുതൽ 12 വരെ പ്രതികൾ വീടിന്റെ ചുറ്റും ആയുധങ്ങളുമായി കാവൽനിന്നു

 13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കെടുത്ത് പരസ്പര സഹായികളായി പ്രവ‌ർത്തിച്ചെന്നും കോടതി കണ്ടെത്തി

പകരത്തിനു പകരം

രൺജിത്ത് കൊല്ലപ്പട്ടതിന്റെ തലേന്ന് എസ്.ഡി.പി.ഐ നേതാവ് ഷാൻ ആലപ്പുഴയിൽ കത്തിക്കിരയായിരുന്നു. ഇതിന് പ്രതികാരമായി​ ഒരു ബി.ജെ.പി നേതാവിനെ വകവരുത്താൻ പ്ളാനിട്ടു. നേരത്തേ തയ്യാറാക്കിവച്ച ലിസ്റ്റിൽ ഒന്നാമനായ രൺജിത്തിനെ നിശ്ചയിച്ച് കൊല നടപ്പാക്കി.

പൊലീസിന് അഭിനന്ദനം

കൊലനടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമ‌ർപ്പിക്കാനും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിഞ്ഞതിന് അന്വേഷണസംഘത്തെ പ്രോസിക്യൂഷനും രൺജിത്തിന്റെ ബന്ധുക്കളും അഭിനന്ദിച്ചു. അന്വേഷണ സംഘത്തലവനായിരുന്ന ആലപ്പുഴ മുൻ ഡിവൈ.എസ്.പി ജയരാജിനെ ഡി.ജി.പിയും അഭിനന്ദിച്ചു.