ആലപ്പുഴ: 2021 ഡിസംബർ 19 രാവിലെ 6.45, ആലപ്പുഴയെ കരയിച്ച കറുത്ത ഞായറാഴ്ച. ദുഃഖത്തിന്റെ ആഴങ്ങളിലേക്ക് വീഴുകയായിരുന്നു ആലപ്പുഴ എം.ഒ വാർഡിലെ കുന്നുപറമ്പ് വീട്. മൂത്ത മകൾ ഭാഗ്യയ്ക്ക് ട്യൂഷന് പോകാൻ ഗേറ്റ് തുറന്നുകൊടുത്ത ശേഷം വീട്ടിലെ ഡൈനിംഗ് റൂമിലിരിക്കുകയായിരുന്നു അഡ്വ. രൺജിത്ത് ശ്രീനിവാസൻ.

ഈസമയം ആറ് ബൈക്കുകളിലായെത്തിയ അക്രമിസംഘം മുറിയിലെത്തി രൺജിത്തിന്റെ തലയിൽ ചുറ്റിക കൊണ്ടടിച്ചു. നിലവിളി കേട്ടെത്തിയ ഭാര്യ ലിഷയും ഇളയമകൾ ദൃശ്യയും കരഞ്ഞ് കേണപേക്ഷിച്ചെങ്കിലും അക്രമികൾ തുരുതുരാ വെട്ടി. ക്ഷേത്രദർശനം കഴിഞ്ഞെത്തിയ വിനോദിനി കണ്ടത് വെട്ടേറ്റ് പിടയുന്ന മകനെയാണ്.

നിലവിളിച്ചെത്തിയ അമ്മയുടെ കഴുത്തിലേക്ക് അക്രമികൾ വാൾമുന നീട്ടി. മുകളിലത്തെ നിലയിൽ നിന്ന് രൺജിത്തിന്റെ സഹോദരൻ അഭിജിത്ത് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. ഇരുപതിലധികം വെട്ടുകളാണ് രൺജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. ചുറ്റികകൊണ്ടിടിച്ച് മുഖം വികൃതവുമാക്കി.

 നന്ദു, ഷാൻ ഒടുവിൽ രൺജിത്ത്

2021 ഫെബ്രുവരി 24ന് ചേർത്തല വയലാറിൽ ആർ.എസ്.എസ് ഗഡനായക് നന്ദുകൃഷ്ണ (22) എസ്.ഡി.പി.ഐ പ്രവർത്തകർ കൊലപ്പെടുത്തിയത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിന്റെ പ്രതികാരമായി ബൈക്കിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിനെ (38) ഡിസംബർ 18ന് രാത്രി കാറിലെത്തിയ നാലംഗ സംഘം ഇടിച്ചുവീഴ്‌ത്തി. വടിവാളിന് വെട്ടുകയും ഇരുമ്പുവടിക്ക് മർദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷാൻ ആശുപത്രിയിലായപ്പോൾ എസ്.ഡി.പി.ഐ പ്രവർത്തകർ മണ്ണഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി നേതാക്കന്മാരുടെയും ഭാര്യമാരുടെയുമടക്കം വീടറിയാമെന്നും പകരം വീട്ടുമെന്നുമായിരുന്നു ഭീഷണി. രാത്രി 12ന് ഷാൻ മരിച്ചു. തുടർന്ന് വേഗത്തിൽ തിരിച്ചടി കൊടുക്കാൻ ബി.ജെ.പി നേതാക്കന്മാരുടെ പട്ടിക തയാറാക്കി. അമ്പലപ്പുഴയിലെ പ്രാദേശിക നേതാവും ജില്ലക്കാരനായ ബി.ജെ.പി വക്താവും അടക്കമുള്ളവരുടെ പേരുകൾ പട്ടികയിലുണ്ടായിരുന്നു. ചിലരുടെ വീട്ടിലെത്തിയാൽ രക്ഷപ്പെടാൻ വഴിയില്ലാത്തതടക്കം പ്രശ്നമായിരുന്നു. തുടർന്നാണ് നഗര ഹൃദയത്തിൽ താമസിക്കുന്ന ഒ.ബി.സി മോർച്ച നേതാവ് അഡ്വ. രൺജിത്ത് ശ്രീനിവാസനെ കൊല്ലാൻ തീരുമാനിച്ചത്.