
അമ്പലപ്പുഴ: തെരുവുമക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവന്റെ 28-ാമത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 10ന് പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളി വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.11.30ന് ആലപ്പി രമണൻ കഥാപ്രസംഗം അവതരിപ്പിച്ചു. 12.30 ന് സെന്റ് ജോൺ മരിയ വിയാനി പള്ളിക്വയർ ടീമിന്റെ ഡിവോഷണൽ സോംഗ്സ് കരോക്ക ഗാനമേളയും,കോമഡി ഉത്സവ് താരം നോർബർട്ട് ജെ.കോയിലിന്റെ സംഗീത വിരുന്നും നടന്നു.വൈകിട്ട് 3ന് നടന്ന സാംസ്കാരിക സമ്മേളനം വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അദ്ധ്യക്ഷനായി. മുൻ മന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഷിന്റോ ,സ്വാമി ശിവബോധാനന്ദ ,പുന്നപ്ര-പറവൂർ ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അസ്ഹരി എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു.സിനിമ താരം മഞ്ജുവിജേഷ്, സീരിയൽ താരം രഞ്ജു, സിസ്റ്റർ പുഷ്പ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.അഡ്വ.നാസർ പൈങ്ങാമഠം, പി.എ.കുഞ്ഞുമോൻ, പുന്നപ്ര മധു, നിയാസ് കൊച്ചു കളം, പി.വി.ഷാജി, ടോം ജോസഫ് കൊച്ചു കളം, സി.എ.ജോസഫ് മാരാരിക്കുളം, ഫിലിപ്പോസ് തത്തംപള്ളി, പ്രോഗ്രാം കോ - ഓർഡിനേറ്റർ ബിനോയ് തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.എം.സന്തോഷ് കുമാർ സ്വാഗതവും കൈനകരി അപ്പച്ചൻ നന്ദിയും പറഞ്ഞു. രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.