അമ്പലപ്പുഴ : തോട്ടപ്പള്ളി ആനന്ദഭവനത്തിൽ ശിവാനന്ദന്റെ മകൻ നന്ദുവിനെ (27) ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ തോട്ടപ്പള്ളി ശിവകൃപയിൽ മകൻ ജഗത് സൂര്യൻ (22), പുറക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ തോട്ടപ്പള്ളി ശാന്തി ഭവനത്തിൽ സജിൻ (27), സജിത്ത് (21), പുതുവൽ വീട്ടിൽ ബിജുവിന്റെ മകൻ അർജ്ജുൻ (21), പുറക്കാട് പുതുവൽ വീട്ടിൽ ഇന്ദ്രജിത്ത് ( 23) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 28 ന് രാത്രി ആണ് കേസിന് ആസ്പദമായ സംഭവം. കൊല്ലപ്പെട്ട നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാം പ്രതി സജിനുമായി ഒറ്റപ്പന കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിലെ പകൽപൂരത്തിനിടയിൽ അടിപിടി ഉണ്ടാക്കിയതിന്റെ വിരോധത്തിൽ രാത്രി 8.30 ഓടെ സജിത്തും സുഹൃത്തായ നന്ദുവും മറ്റ് കൂട്ടുകാരുമായി തോട്ടപ്പള്ളി മാത്തേരി ഹോസ്പിറ്റലിന് സമീപം നിൽക്കുന്ന സമയം പ്രതികൾ സജിത്തിനെ തടഞ്ഞു നിർത്തി ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ സുഹൃത്ത് നന്ദു തടസം പിടിക്കാൻ ചെന്നതിന്റെ വിരോധത്താൽ തലയ്ക്ക് ഹെൽമറ്റ് കൊണ്ട് അടിക്കുകയും, താഴെ വീണ നന്ദുവിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെെെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 29 ന് വൈകുന്നേരം 3 മണിയോടെ നന്ദുമരിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദ്വിജേഷ് എസിന്റെ നേതൃത്വത്തിൽ എസ്.ഐ പി.ജെ. ടോൾസൺ, എ.എസ്.ഐ പ്രദീപ്കുമാർ, എസ്.പി.സി.ഒ സുജിമോൻ, സി.പി.ഒ മാരായ സിദ്ധിഖ് ഉൾ അക്ബർ, മനീഷ്കുമാർ, ഡിനു വർഗ്ഗീസ്, എച്ച്.ജി. ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.