മാവേലിക്കര : കാൽനൂറ്റാണ്ട് നീണ്ട അഭിഭാഷക വൃത്തിയ്ക്കിടെ ഒട്ടേറെ പ്രതികൾക്ക് ശിക്ഷവാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിലും രൺജിത്ത് കേസിലെ കൂട്ട തൂക്കുകയർ വിധിയിൽ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പ്രതാപ് ജി. പടിക്കൽ അഭിമാനിക്കുന്നു.
ആർ.എസ്.എസ് താലൂക്ക് കാര്യവാഹകായിരുന്ന വള്ളികുന്നം ചന്ദ്രനെ സി.പി.എമ്മുകാർ കൊലപ്പെടുത്തിയതുൾപ്പെടെയുള്ള പ്രമാദമായ കേസുകളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിട്ടുണ്ട്. പാലക്കാട് സജിത്ത് കൊലക്കേസ്, ചെങ്ങന്നൂർ വിശാൽ കൊലക്കേസ്, മണ്ണന്തല രഞ്ജിത്ത് കൊലക്കേസ്, നക്ഷത്ര കൊലക്കേസ് എന്നിവയിലും സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. ബി.ജെ.പി ലീഗൽ സെൽ സംസ്ഥാന സമിതി അംഗമാണ്. നിയമ പുസ്തകങ്ങളുടെ രചയിതാവും. ഭാര്യയും അഭിഭാഷകയുമായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, സെൻട്രൽ ഗവ. സ്റ്റാന്റിംഗ് കോൺസൽ ഹരീഷ് കാട്ടൂർ എന്നിവരാണ് പ്രോസിക്യൂഷൻ സംഘത്തിലുള്ളത്.