ചേർത്തല:ഹൈക്കോടതി വിധിയുടെ മറപിടിച്ച് ഹൈന്ദവ ക്ഷേത്രങ്ങളോട് പൊലീസ് കാണിക്കുന്ന ധിക്കാരപരമായ നടപടി അവസാനിപ്പിക്കണമെന്ന് പറയകാട് നാലു കുളങ്ങര ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ അറിയിച്ചു. കഴിഞ്ഞദിവസം കുത്തിയതോട് പൊലീസ് ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ ഇരുന്ന സ്ത്രീ ഭക്തജനങ്ങളെ ഭയചകിതരാക്കിക്കൊണ്ട് ക്ഷേത്രാചാര ചടങ്ങുകൾ എല്ലാം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്.ഇത് ഹൈന്ദവരോടും ഹൈന്ദവ ക്ഷേത്രങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ്.എന്നാൽ ജില്ലയിലെ മറ്റ് മത സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലായെന്ന ഇരട്ടത്താപ്പ് നയമാണ് പൊലീസ് സ്വീകരിക്കുന്നത്.കോടതി ഉത്തരവിനെ മാനിക്കുന്നതോടൊപ്പം ആചാരങ്ങളെ തകർക്കുന്ന തരത്തിലുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഭക്തജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി വൈസ് ചെയർമാൻ ടി.അനിയപ്പൻ,ദേവസ്വം സെക്രട്ടറി എൻ.പി.പ്രകാശൻ,വൈസ് പ്രസിഡന്റ് കെ.കെ. സജീവൻ,തങ്കച്ചൻ തോട്ടുങ്കൽ, സി.മധുസൂദനൻ, നവീൻ, പി.മധു, ഷിംജി, സുഭാഷ്,ബിജു എന്നിവർ സംസാരിച്ചു.