
ആലപ്പുഴ: 14 പ്രതികൾക്കും തൂക്കുകയർ ലഭിച്ചതോടെ അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസ് വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിൽ സ്ഥാനംപിടിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ പ്രതികൾക്കാണ് മുൻപ് വധശിക്ഷ വിധിച്ചിട്ടുള്ളത്.
ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ്, ടി.പി. ചന്ദ്രശേഖരൻ വധം തുടങ്ങി ജനമനസുകളിൽ ഇനിയും ചോരക്കറയുണങ്ങാത്ത പല കേസുകളിലും പരമാവധി ജീവപര്യന്തത്തിനപ്പുറം ശിക്ഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി കുറ്റവാളികൾക്കുള്ള താക്കീതിലുപരി നിയമ വിദ്യാർത്ഥികൾക്ക് പാഠപുസ്തകം കൂടിയാണ്.
ജുഡിഷ്യറി നിയമവാഴ്ചയുടെ രക്ഷാകർത്താവാണെന്നും ജനാധിപത്യത്തിന്റെ നെടുംതൂണാണെന്നും രൺജിത്ത് ശ്രീനിവാസൻ കേസിൽ കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജുഡിഷ്യറിക്ക് തങ്ങളുടെ ചുമതലകൾ ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. നിരായുധനായ ഒരാളെ സായുധസംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവം, അപൂർവങ്ങളിൽ അപൂർവമായതോടെയാണ് വിധിക്കും അപൂർവത കൈവന്നത്.
38 പേർക്ക് തൂക്കുകയർ വിധിച്ച് അഹമ്മദാബാദ് കോടതി
ഇന്ത്യയിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്
രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു
2010ൽ ബീഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗ ചെയ്ത കേസിൽ 16 പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്
ഉജ്ജയിൻ സ്ഫോടനക്കേസിൽ ഏഴ് പേർക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു