മാന്നാർ: ഗ്രാമപഞ്ചായത്തംഗത്തിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നതിനാൽ, മാന്നാർ ഗ്രാമപഞ്ചായത്തിലെ കുട്ടംപേരൂർ 11-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് നീളുന്നു. ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിൽ അടുത്ത മാസം 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവന്ന മാന്നാർ ഗ്രാമപഞ്ചായത്തിലെ കുട്ടംപേരൂർ 11-ാം വാർഡ് ഉൾപ്പെട്ടിരുന്നില്ല. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സുനിൽ ശ്രദ്ധേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് കുട്ടംപേരൂർ 11-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നതിനാലാണ് കുട്ടംപേരൂരിനെ ഒഴിവാക്കിയതെന്നാണ് അറിയാൻ കഴിഞ്ഞത്. സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കികൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സി.പി.എം സമർപ്പിച്ച ഹർജിയാണ് നിലനിൽക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 1ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും കഴിഞ്ഞ 16 വരെ സ്വീകരിച്ച് അപ്‌ഡേഷൻ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക 25ന് പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളും സ്ഥാനാർത്ഥികൾക്കായുള്ള ചർച്ചകളും നടത്തി വരികയാണ്.