
ആലപ്പുഴ: 'അന്ന് ധനുമാസത്തിലെ തിരുവാതിരയായിരുന്നു. നോയമ്പ് നോറ്റ് ഭർത്താക്കന്മാരുടെ ആയുരാരോഗ്യത്തിന് മംഗല്യവതികൾ വ്രതം നോൽക്കുന്ന ദിവസം. അന്നുതന്നെയാണ് 16 വർഷം നീണ്ട രൺജിത്ത് ശ്രീനിവാസൻ - ലിഷ ദമ്പതികളുടെ സന്തുഷ്ട ദാമ്പത്യവും അറ്റത്. അതൊരു ഞായറാഴ്ചയായിരുന്നു. പിന്നീടുള്ള എല്ലാ ഞായറാഴ്ചകളും മാനസികമായി വേട്ടയാടുകയാണ്. ബ്ലഡി സൺഡേ എന്ന് വിശേഷിപ്പിക്കുന്നതാവും ശരി". -ഉള്ളുലഞ്ഞ മനസുമായി രൺജിത്തിന്റെ ഭാര്യ അഡ്വ. ലിഷ പറയുന്നു.
ഭർത്താവിനെ കൊന്നവർക്ക് ശിക്ഷ വിധിച്ചതിലുള്ള ആശ്വാസത്തിൽ വിനോദിന്റെ അമ്മ വിനോദിനിയെയും, മക്കളായ ഭാഗ്യയെയും ദൃശ്യയെയും ചേർത്തുനിറുത്തി ധൈര്യം പകരുകയാണ് ലിഷ. അക്രമികൾ തകർത്ത സ്വീകരണമുറിയിലെ ചില്ലുടഞ്ഞ ടീപോയ് ഇന്നും ഇവിടെയുണ്ട്. രൺജിത്തിന്റെ വിയോഗത്തിനു ശേഷം വീട്ടിൽ ഒരു വസ്തുക്കളും മാറ്റിയിട്ടില്ല.
ഡൈനിംഗ് റൂമിൽ പ്രവേശിക്കാതെ വീടിന്റെ ഒരു ഭാഗത്തേക്കും പോകാനാവില്ല. അതുകൊണ്ടുതന്നെ ആ നടുക്കുന്ന ദൃശ്യങ്ങൾ മനസിൽ തെളിഞ്ഞുകൊണ്ടേയിരിക്കും. മകനെക്കുറിച്ച് സംസാരിച്ചാണ് അമ്മ വിനോദിനിയുടെ ഓരോ ദിനവും ആരംഭിക്കുന്നത്. ജനിച്ച് ആറാം മാസമാണ് രൺജിത്ത് ആലപ്പുഴയിലെത്തുന്നത്. ആരോഗ്യവകുപ്പിലെ ജോലിയുടെ സൗകര്യാർത്ഥം വിനോദിനിയുടെ നാടായ കോഴിക്കോട്ടേക്ക് പോകാൻ കുടുംബം ആഗ്രഹിച്ചെങ്കിലും, ആലപ്പുഴയിൽ സ്ഥിരതാമസമാക്കാം എന്നത് രൺജിത്തിന്റെ തീരുമാനമായിരുന്നു.
തകർന്ന മകളുടെ അരങ്ങേറ്റം
മകളുടെ നൃത്തഅരങ്ങേറ്റത്തിനുള്ള തയാറെടുപ്പുകൾക്കിടെയായിരുന്നു രൺജിത്തിന്റെ വേർപാട്. അരങ്ങേറ്റത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കുന്നതിന് ഫോട്ടോകൾ രൺജിത്തിനെ കാണിക്കാൻ വച്ചിരിക്കുകയായിരുന്നു ലിഷ. വേദനകളിൽ നിന്ന് കരകയറി തുടങ്ങിയതോടെ മൂത്ത മകൾ ഭാഗ്യയുടെ അരങ്ങേറ്റം കഴിഞ്ഞ വർഷം നടത്തി. കൊലപാതകം കണ്ട ഇളയ മകൾ ദൃശ്യ നൃത്തവും ബാഡ്മിന്റൺ പരിശീലനവും അന്ന് അവസാനിപ്പിച്ചതാണ്. അച്ഛനില്ലാതെ യാത്രകൾ പോലും വേണ്ടെന്ന നിലപാടിലാണ്. ഓരോ മാസവും രൺജിത്തിന്റെ സഹോദരൻ ബംഗളൂരുവിൽ നിന്നെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതാണ് പ്ലസ് വൺ വിദ്യാർത്ഥിനി ഭാഗ്യയ്ക്കും എട്ടാം ക്ലാസുകാരി ദൃശ്യയ്ക്കും ആകെയുള്ള ആശ്വാസം.
നേരിയ സൂചനപോലും ഇല്ലായിരുന്നു
ആക്രമിക്കപ്പെടുമെന്ന നേരിയ സൂചന പോലുമുണ്ടായിരുന്നില്ല. പുലർച്ചെ ജനലും വാതിലും തുറക്കണമെന്നത് ഏട്ടന്റെ നിർബന്ധമായിരുന്നു. അന്നും അങ്ങനെ ചെയ്തു. രൺജിത്തിന്റെ കൂട്ടുകാരിൽ അധികവും മുസ്ലിം സമുദായാംഗങ്ങളാണ്. അതുകൊണ്ട് അത്തരം വിരോധവും പ്രതീക്ഷിച്ചില്ല. പക്ഷേ ആ കൂട്ടുകാർ ആരും അമ്മയെ ആശ്വസിപ്പിക്കാൻ പോലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന വിഷമം ലിഷ പങ്കുവയ്ക്കുന്നു. ഒരുപക്ഷേ അവർക്ക് ഭയമായിരിക്കാം എന്ന് സ്വയം സമാധാനിക്കുകയാണ് ലിഷയും വിനോദിനിഅമ്മയും. കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിലായി ചുമതലയേറ്റ് ലിഷ മുൻപ് കൈകാര്യം ചെയ്തിരുന്നു കുടുംബ കേസുകൾക്ക് പുറമേ, രൺജിത്തിന് വക്കാലത്ത് ലഭിച്ച സിവിൽ, ക്രിമിനൽ കേസുകളും നോക്കി നടത്തുകയാണ്.