
മാവേലിക്കര: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുമുതൽ വിധിപ്രസ്താവം വരെ ചടുലവേഗത്തിലൂടെ വേറിട്ടതായി രൺജിത്ത് ശ്രീനിവാസൻ വധക്കേസ്. 90 ദിവസത്തിനകം അന്വേഷണവും കുറ്റപത്ര സമർപ്പണവും പൂർത്തിയാക്കിയ രൺജിത്ത് ശ്രീനിവാസൻ വധക്കേസ് വിചാരണയും വിധിപ്രസ്താവവും കഴിഞ്ഞപ്പോൾ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഹിറ്റായി. രണ്ടുവർഷം മുമ്പ് 2021 ഡിസം. 19നാണ് രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. 89 -ആംദിവസം അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി എൻ.ആർ ജയരാജ് കേസിൽ കുറ്റപത്രം സമർപ്പിച്ചകേസിൽ കോടതി വ്യവഹാരങ്ങളുൾപ്പെടെ നിരവധി നൂലാമാലകളെ അതിജീവിച്ച് 2023 ഏപ്രിലിലാണ് വിചാരണ ആരംഭിച്ചത്. 49 ദിവസം കൊണ്ട് 156 സാക്ഷികളുടെ വിസ്താരവും ശാസ്ത്രീയ തെളിവുകളുടെ പരിശോധനയും നടത്തി ഡിസംബർ 15ന് അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ
രണ്ട് വർഷവും ഒരുമാസവും പതിനൊന്ന് ദിവസവും പിന്നിട്ടപ്പോൾ 14 പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ചരിത്ര വിധിയും ഉണ്ടായി.
ശിക്ഷയിൽ സംതൃപ്തിയെന്ന് കുടുംബം
പ്രതികൾക്ക് പരമാവധി ശിക്ഷ കൊടുത്ത കോടതി വിധിയിൽ സംതൃപ്തരാണ്. 770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ഞങ്ങൾക്കുണ്ടായ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. ഭഗവാന്റെ വേറൊരു വിധിയുണ്ട്, പ്രകൃതിയുടെ നീതിയുമുണ്ട്. അത് പുറകേ വരുമെന്ന പ്രതീക്ഷയുണ്ട് - രൺജിത്തിന്റെ ഭാര്യ ലിഷയും അമ്മ വിനോദിനിയും വിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരത ചെയ്തിട്ടില്ല. വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹത്തെ അവർ കാണിച്ചു വച്ചത്. സത്യസന്ധമായി കേസ് അന്വേഷിച്ച് കോടതിയിൽ എത്തിച്ച ഡിവൈ. എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള ടീമിനും പ്രോസിക്യൂട്ടറുടെ പരിശ്രമത്തിനും നന്ദി അറിയിക്കുന്നതായി ലിഷ പറഞ്ഞു.