hot

ആലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള ഹോട്ടലുകളുടെ പ്രവർത്തനമാണ് അടിക്കടിയുണ്ടാകുന്ന അഗ്നിബാധയ്ക്ക് കാരണമെന്ന് അഗ്നിരക്ഷാസേന.

ഗ്യാസും അടുപ്പും തമ്മിലുള്ള ഉയരവ്യത്യാസമടക്കം അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ചെറിയ അശ്രദ്ധയാണ് പലപ്പോഴും വലിയ അപകടത്തിലേക്ക് നയിക്കുന്നത്. വൈകുന്നേരങ്ങളിൽ തിരക്കേറുന്ന തട്ടുകടകളിലാണ് ഇത്തരം പോരായ്മകളും അപകടങ്ങളും സ്ഥിരമായുണ്ടാകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പലപ്പോഴും തിങ്ങി ഞെരിഞ്ഞ സ്ഥലത്തായിരിക്കും ഗ്യാസ് സിലിണ്ടർ സ്ഥാപിക്കുക. സ്റ്റൗവ്, ഗ്യാസ് ട്യൂബ് തുടങ്ങിയവ കൃത്യമായി വൃത്തിയാക്കാറില്ല. ഇത് കാരണം അഴുക്ക് കയറി ട്യൂബിന്റെ വാൽവ് അടയും. അപകട സമയം വരെ ലീക്ക് ശ്രദ്ധയിൽപ്പെടുകയുമില്ല. ഗ്യാസ് കുറ്റിയിൽ നിന്ന് പരമാവധി ഇന്ധനം ലഭിക്കാൻ തിളച്ച വെള്ളം ഒഴിക്കുക, കുറ്റി കമഴ്ത്തിയും ചരിച്ചും വയ്ക്കുക തുടങ്ങിയ അഭ്യാസങ്ങളാണ് പല കടക്കാരും ചെയ്യുന്നത്. തിരക്കുള്ള സമയങ്ങളിൽ അപകട സാദ്ധ്യത പോലും പലരും ഗൗനിക്കാറില്ല.

എല്ലാകാര്യവും

നോക്കണം

ഹോട്ടലുകൾ നടത്താനുള്ള സർട്ടിഫിക്കറ്റും ലൈസൻസും നൽകുന്ന അധികൃതർ അടിക്കടി കടയുടെ നടത്തിപ്പ് അടിമുടി പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. പഴകിയ ഭക്ഷ്യസാധനങ്ങൾ മാത്രം പരിശോധിക്കാതെ ഗ്യാസിന്റെ ഉപയോഗം അടക്കം അപകടത്തിലേക്ക് നയിക്കാവുന്ന കാരണങ്ങൾ വിശദമായി പരിശോധിക്കണമെന്നും ആവശ്യമുണ്ട്.

പല കടകളിലും തിരുത്തൽ നിർദ്ദേശം നൽകാറുണ്ട്. എന്നാൽ തിരക്ക് കൂടുന്ന സമയം കടക്കാർ ഇതെല്ലാം മറക്കും. പരമാവധി ഇന്ധനം ലഭിക്കാൻ ഗ്യാസ് കുറ്റിയിൽ തിളച്ചവെള്ളം വരെ ഒഴിക്കും. നിസാര കാര്യങ്ങൾ പോലും അപകടത്തിലേക്ക് നയിക്കും

- അഗ്നിരക്ഷാസേന