അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗരുഡ വാഹന എഴുന്നള്ളിപ്പുകൾക്ക് ദേശീയ പാതയിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. എഴുന്നള്ളിപ്പുകളുടെ യാത്രാവഴിയിലും മാറ്റമുണ്ട്.തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ അരൂർ എസ്.എച്ച്. ഒ പി.എസ്.ഷിജു, ക്ഷേത്രം ഭാരവാഹികൾ, ഗരുഡ വാഹന എഴുന്നള്ളിപ്പ് സംഘാടകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുൻവർഷങ്ങളിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആഘോഷമായി എത്തുന്ന മുഴുവൻ ഗരുഡ വാഹനങ്ങളും ദേശീയപാതയിലെ അരൂർ എച്ച്.പി പമ്പിന് എതിർവശത്തെ റോഡിലൂടെ കിഴക്കോട്ട് നീങ്ങിയാണ് ക്ഷേത്രത്തിലേക്ക് എത്തിയിരുന്നത്. എന്നാൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നതിനാലും നിലവിൽ റോഡിന്റെ വീതിക്കുറവും ഗതാഗതക്കുരുക്കും കണക്കിലെടുത്തുമാണ് ഗരുഡ വാഹന എഴുന്നള്ളിപ്പുകളുടെ യാത്രാവഴി പുനഃക്രമീകരിക്കുന്നത്. അരൂർ മുക്കം, പുത്തനങ്ങാടി, പൂജപ്പുര, അമ്മനേഴം തുടങ്ങിയ അരൂരിന്റെ വടക്കൻ മേഖലയിൽ നിന്ന് വരുന്ന എഴുന്നള്ളിപ്പുകൾക്കാണ് യാത്രാവഴിയിൽ മാറ്റം. ഇവിടങ്ങളിൽ നിന്ന് വരുന്ന ഗരുഡ വാഹനങ്ങൾ അരുർ പള്ളിയുടെ കിഴക്കോട്ടുള്ള റോഡിലൂടെ കടന്ന് പള്ളിയറക്കാവ് റോഡ് വഴി അരൂർ - അരൂക്കുറ്റി റോഡിലെത്തി കിഴക്കോട്ട് സഞ്ചരിച്ച് എൻ.ആർ. ഇ.പി റോഡ് വഴി ക്ഷേത്രത്തിലെത്തണം. തെക്കൻ പ്രദേശങ്ങളായ എരമല്ലൂർ, ചന്തിരൂർ എന്നിവിടങളിൽ നിന്നെത്തുന്ന ഗരുഡ വാഹനങ്ങൾ പഴയ ദേശീയപാത വഴി വടക്കോട്ട് നീങ്ങി ചന്തിരൂർ കൂമർത്തുപടി ക്ഷേത്രത്തിന് മുന്നിലൂടെ ദേശീയപാതയിൽ പ്രവേശിച്ചശേഷം വാദ്യഘോഷങ്ങളും തുള്ളലും ഒഴിവാക്കി ഗതാഗത തടസം വരുത്താതെ പമ്പിന് സമീപമെത്തി ക്ഷേത്രം റോഡിൽ പ്രവേശിക്കണമെന്നുമാണ് തീരുമാനം. മാർച്ച് 3 നാണ് ഗരുഡ വാഹന എഴുന്നള്ളിപ്പുകൾ നടക്കുന്നത്.