മാവേലിക്കര: രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ മുഴുവൻ പ്രതികളെയും മരണം വരെ തൂക്കിലേറ്റാനുള്ള വിധി മാവേലിക്കര അഡീ.സെഷൻസ് കോടതി പരിസരത്ത് തടിച്ചുകൂടിയവരെ അമ്പരപ്പിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ജീവപര്യന്തത്തിൽ കുറയാത്ത ശിക്ഷ പ്രതീക്ഷിച്ചിരുന്നിടത്ത് എല്ലാ പ്രതികൾക്കും വധശിക്ഷയാണെന്ന് അറിഞ്ഞതോടെ എല്ലാവരും ഞെട്ടി. ടെലിവിഷൻ ചാനലുകളിൽ വാർത്ത കാട്ടുതീപോലെ പരന്നതോടെ വിധി അറിയാനും കോടതി നടപടികളും പ്രതികളെയും നേരിൽ കാണാനും ജനം പാഞ്ഞെത്തി. അഭിഭാഷകരും മറ്റ് കേസുകളിലെ കക്ഷികളും ടെലിവിഷൻ ലൈവുകൾക്ക് കാതോർത്തു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സന്ദേശം പാഞ്ഞതോടെ ജില്ലയാകെ പൊലീസും ജാഗ്രതയിലായി. ശിക്ഷാവിധിക്ക് ശേഷം കനത്ത പൊലീസ് വലയത്തിലാണ് കോടതിയിൽ നിന്ന് പ്രതികളെ പുറത്തെത്തിച്ചത്. പ്രതികളുടെ ചിത്രങ്ങളും വീഡിയോയും പക‌ർത്താൻ ഫോട്ടോഗ്രാഫർമാരുടെ തിക്കി തിരക്കിനിടയിലേക്ക് എത്തിയ പ്രതികളിൽ ചിലർ ചിരിക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത വിധിയുടെ ആഘാതം മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. കനത്ത പൊലീസ് വലയത്തിൽ സ്പെഷ്യൽ സബ് ജയിലിനുള്ളിലേക്ക് കൊണ്ടുപോയ പ്രതികൾക്ക് പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വാസ വാക്കുകളുമായെത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ആരെയും അടുപ്പിച്ചില്ല. മാദ്ധ്യമങ്ങളോട് പോലും പ്രതികരിക്കാൻ കൂട്ടാക്കാതെ പൊലീസ് നിർദേശങ്ങൾ പാലിച്ച് നിശബ്ദരായി ജയിൽ കവാടത്തിന് മുന്നിലെത്തിയ ഇവരെ ഗേറ്റ് തുറന്നയുടൻ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. വിധി പ്രസ്‌താവം ലഭിച്ചശേഷം പ്രതികൾക്ക് വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാം.