
ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിന് കാരണമായ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മണ്ണഞ്ചേരി സ്വദേശി കെ.എസ്.ഷാനെ വെട്ടിക്കൊന്ന കേസിൽ വർഷം രണ്ടു കഴിഞ്ഞിട്ടും വിചാരണയായില്ല. രൺജിത്ത് വധക്കേസിൽ കുറ്റവാളികൾക്ക് വധശിക്ഷ ലഭിച്ചപ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്.
2021 ഡിസംബർ 18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വേഷണം നടത്തി പ്രതികളെ പിടികൂടിയെങ്കിലും ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. കേസ് നടത്തിപ്പിൽ വ്യാപക പരാതി ഉയർന്നതോടെയാണ് ഏതാനും ദിവസം മുമ്പ് തൃശൂർ സ്വദേശിയും പ്രമുഖ അഭിഭാഷകനുമായ പി.പി ഹാരിസിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഷാൻ വധക്കേസിൽ 11 ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരായ മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂർസ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ് , ആര്യാട് വടക്ക് സ്വദേശി അതുൽ, കോമളപുരംസ്വദേശി ധനീഷ്, മണ്ണഞ്ചേരിസ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശൻ, കാട്ടൂർസ്വദേശി രതീഷ് എന്നിവരാണ് പ്രതികൾ. കുറ്റപത്രം സമർപ്പിച്ചശേഷമാണ് ശ്രീനാഥും മുരുകേശനും അറസ്റ്റിലായത്.
കുറ്റപത്രം സമർപ്പിക്കുന്നതിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും വിചാരണ നടപടികളിലുമുണ്ടായ കാലതാമസം കാരണം പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കാനിരിക്കെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സമർപ്പിച്ച കുറ്റപത്രം മടക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് കുറ്റപത്രം സമർപ്പിക്കാൻ അധികാരമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
നിയമ ബിരുദധാരിയും സജീവ എസ്.ഡി.പി.ഐ പ്രവർത്തകനും ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന ഷാനെ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധരാത്രിയോടെ മരിച്ചു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.പി.ഹാരിസ്, അസിസ്റ്റന്റ് അഡ്വ. കെ.എം.ഷൈജു എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.
പക്ഷപാതമെന്ന് എസ്.ഡി.പി.ഐ
ആലപ്പുഴയിലെ ഇരട്ടക്കൊലപാതക കേസുകളിൽ ഇടതുസർക്കാരും ആഭ്യന്തരവകുപ്പും പക്ഷപാതം കാട്ടുന്നതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ആരോപിച്ചു. ആർ.എസ്.എസിന്റെ നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത്. അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഭരണസംവിധാനവും പൊലീസും പ്രോസിക്യൂഷനും പക്ഷപാതിത്വ സമീപനമാണ് സ്വീകരിച്ചത്. അഡ്വ. കെ.എസ്.ഷാൻ വധക്കേസിൽ പ്രതികൾക്ക് ജാമ്യം നൽകി. ജാമ്യംനിഷേധിച്ച രൺജിത് വധക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. കൊലപാതക കേസിലെ പക്ഷപാതിത്വം എന്തിന്റെ പേരിലാണെന്ന് ആഭ്യന്തരവകുപ്പും സർക്കാരും വ്യക്തമാക്കണം .ഷാൻ വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ കാലതാമസം വരുത്തിയ സർക്കാർ രൺജിത് വധകേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ ദിവസം കോടതിമുറിയിൽ ബി.ജെ.പി ജില്ലാപ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്ക് ഇരിപ്പിടം നൽകിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അഷറഫ് മൗലവി ആവശ്യപ്പെട്ടു. എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരിയിലെ സ്ഫോടനത്തിൽ സർക്കാർ എന്തുനിലപാടാണ് സ്വീകരിച്ചത്. പ്രാർത്ഥന നടത്തുന്നവർ ദേശദ്രോഹികളാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഗൂഢാലോചന ഇനിയും അന്വേഷിച്ചിട്ടില്ല. ആർ.എസ്.എസിന്റെ താൽപര്യം സംരക്ഷിക്കുന്ന രീതിയാണ് സർക്കാരിന്റെത്. ഷാൻവധക്കേസിൽ മേൽക്കോടതിയെ സമീപിക്കുമെന്നും അഷറഫ് മൗലവി വ്യക്തമാക്കി.