ph

കായംകുളം: ജാതി സെൻസസ് വേണമെന്ന് ചിലരുടെ ആവശ്യം നമ്മളെ ചതിക്കാനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ സാംസ്കാരിക സമിതി കാർത്തികപ്പള്ളി താലൂക്ക് കായംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കായംകുളം എസ്.എൻ വിദ്യാപീഠത്തിന്റെ അംഗീകാര വിളംബരവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി സെൻസസ് എന്തിനാണ്. സാമൂഹ്യ പിന്നാക്കാവസ്ഥ മനസിലാക്കാനാണോ. അങ്ങനെയെങ്കിൽ പിന്നാക്കാവസ്ഥ ഉള്ളവർക്ക് അത് പ രിഹരിച്ച് നൽകുമോയെന്നും വെള്ളാപ്പള്ളി​ ചോദി​ച്ചു. ഖജനാവിലെ പണം ചിലവഴിക്കാനേ അത് ഉപകരിക്കൂ. ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ ഉള്ള ജനവിഭാഗത്തിന് അത് പരിഹരിച്ചു നൽകുമെന്ന് ഇലക്ഷൻ മാനിഫെസ്റ്റോയിൽ എഴുതുവാൻ ഇവർ തയ്യാറുണ്ടോ .

അധികാരത്തിൽ അധ:കൃതന്റെ ശബ്ദം ഇല്ലാതെ പോയതാണ് വർത്തമാനകാലം നേരിടുന്ന വെല്ലുവിളി. രാഷ്ട്രീയ,വിദ്യാഭ്യാസ രംഗങ്ങളിൽ നമുക്ക് പ്രാതിനിധ്യമില്ല. നമുക്ക് അർഹതപ്പെട്ടത് ആരും തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമിതി പ്രസിഡന്റ് ഡോ.പി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ, സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ, അഡ്വ.പി.എസ് ബാബുരാജ്,എ.സോമരാജൻ, സമിതി ജോ.സെക്രട്ടറി എം.രവീന്ദ്രൻ,പ്രൊഫ.ടി.എം.സുകുമാര ബാബു, വി.ശശിധരൻ,കായലിൽ രാജപ്പൻ,എൻ.രത്നാകരൻ, എസ്.അജോയ് കുമാർ,സി.ആർ റോബിൻ, മഠത്തിൽ ബിജു,പി.എസ് .ബേബി, എന്നിവർ സംസാരിച്ചു.