ആലപ്പുഴ: കളക്ടറേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉപാധികളോടെ ആലപ്പുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, ജില്ലാ സെക്രട്ടറി മേഘ രഞ്ജിത്ത്, മുൻ ജില്ലാ സെക്രട്ടറി സജിൽഷെറിഫ്, അമ്പലപ്പുഴ നിയോജകമണ്ഡലം മുൻ പ്രസിഡന്റ് നൂറുദ്ദീൻ കോയ, ഭാരവാഹി മീനു ഭൂട്ടോ, കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച കോടതി വിസ്താര വേളയിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ബന്ധപ്പെട്ട കോടതിയിൽ ഉത്തരവ് തീയതി മുതൽ 15ദിവസത്തിനുള്ളിൽ 50,000രൂപയുടെ ബോണ്ടിൽ രണ്ട് ആൾ ജാമ്യം എടുക്കാനും ഉത്തരവിലുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾ 2700രൂപ വീതം കോടതിയൽ കെട്ടിവെയ്ക്കണം. സാക്ഷികളെ സ്വാധീനിക്കരുത് എന്നത് ഉൾപ്പെടെയുള്ള ഉപാധികളാണ് ജാമ്യം അനുവദിച്ച ഉത്തരവിലുള്ളത്. ക്രമസമാധാന പാലനത്തിനായി കൂടിതൽ ഫോഴ്സിനെ ഉപയോഗിക്കേണ്ട പൊലീസ് ബലപ്രയോഗമാണ് നടത്തിയത്. പൊലീസിന് ചെറിയ പരിക്കുകളാണ് ഹാജരാക്കിയ രേഖകളിൽ കാണുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് പൊലീസ് ചികിത്സ തേടിയത്. എന്നാൽ സമരക്കാർക്ക് കഴുത്തിനും തലക്കും മാരകമായ പരിക്കേറ്റതായാണ് മെഡിക്കൽ രേഖയിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ വിധു എം.ഉണ്ണിത്താൻ, ബിനു ബാബുക്കുട്ടണ എന്നിവർ ഹാജരായി.
ഡിസംബർ 15ന് നടന്ന കളക്ടറേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് ജാമ്യമില്ലാവകുപ്പ് ഉൾപ്പെടുത്തി ആലപ്പുഴ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തത്.