
ആലപ്പുഴ: അന്തർദ്ദേശീയ തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും മദ്ധ്യപ്രദേശ് സർക്കാരും സംയുക്തമായി നാളെ മദ്ധ്യപ്രദേശിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആലപ്പുഴ എസ്.ഡി കോളേജിലെ പ്രൊഫസർ ഡോ.ജി.നാഗേന്ദ്ര പ്രഭുവും ഗവേഷകനും വിദ്യാർത്ഥി സ്റ്റാർട്ടപ്പ് സി.ഇ.ഒയുമായ വി.അനൂപ് കുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. ഡോ.നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച കുളവാഴ കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിക്കാനാണ് ക്ഷണം. ദേശീയ തലത്തിൽ ആകെ മൂന്ന് പേർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.
കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനായ പ്രൊഫസർ ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തിൽ 25 വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. കുളവാഴയിൽ നിന്നും ഏകദേശം മുപ്പതിൽപ്പരം വിവിധോദ്ദേശ്യ ഉൽപ്പന്നങ്ങളാണ് എസ്.ഡി കോളേജിലെ ജലവിഭവകേന്ദ്രം വികസിപ്പിച്ചത്. ഇവയുടെ നിർമ്മാണത്തിനായുള്ള പരിശീലനം 2017 മുതൽ കോളേജിലെ സാമൂഹ്യ പരിശീലന കേന്ദ്രത്തിൽ നൽകി വരുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങൾ ഗവേഷണങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം നടത്തിയ 'പ്രകൃതിയാധിഷ്ഠിത പരിഹാരമാർഗ്ഗങ്ങൾ' എന്ന മത്സരത്തിൽ വിജയികളായിരുന്നു ഐക്കോടെക്ക്.