
31 വർഷത്തെ സർവീസിൽ 31പവർലിഫറ്റിംഗ് ചാമ്പ്യൻപട്ടങ്ങൾ
വിരമിക്കൽ ദിവസവും വിജയിയായി മത്സരവേദിയിൽ
ആലപ്പുഴ : 31 വർഷത്തെ സർവീസിന്റെ അവസാന ദിനത്തിൽ 31ാം ചാമ്പ്യൻപട്ടവും സ്വന്തമാക്കി തൃശൂർ റൂറൽ ജില്ലാ കൺട്രോൾ റൂം സബ് ഇൻസ്പെക്ടറായ തൃശൂർ ചേർപ്പ് പെരുമ്പള്ളിശ്ശേരി തെക്കൂട്ട് വീട്ടിൽ ടി.കെ.രാമചന്ദ്രൻ. വിരമിക്കൽ ചടങ്ങ് ഉപേക്ഷിച്ചാണ് ഇന്നലെ ആലപ്പുഴയിലെ സംസ്ഥാന പൊലീസ് വെയ്റ്റ് ലിഫ്റ്റിംഗ് ആൻഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് വേദിയിലെത്തി വിജയിയായത്.
1993ൽ ട്രെയിനിയായിരുന്ന കാലത്ത് പൊലീസ് ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിംഗിൽ നേടിയ ഒന്നാം സ്ഥാനം ഇന്നലെവരെ മറ്റൊരാൾക്കും വിട്ടുകൊടുത്തിട്ടില്ല. സ്കൂൾതലം മുതൽ കായിക രംഗത്ത് സജീവമായിരുന്നു. യോഗയിൽ നിന്ന് ജിമ്മിലെ പരിശീലനത്തിലേക്കും, അവിടെ നിന്ന് ബോഡി ബിൽഡിംഗിന്റെയും പവർ ലിഫ്റ്റിംഗിന്റെയും ലോകത്തേക്കും കടന്നു.
കേരള പൊലീസിന്റെ ബോഡി ബിൽഡിംഗ് ടീമംഗമായ രാമചന്ദ്രൻ നാല് തവണ ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. 2016ൽ മലേഷ്യയിൽ നടന്ന മത്സരത്തിൽ സ്വർണം നേടി. 2006 കാലഘട്ടത്തിൽ മിസ്റ്റർ കേരള, മിസ്റ്റർ സൗത്ത് ഇന്ത്യാ പട്ടങ്ങളും നേടിയിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിച്ചതോടെ തൃശൂരിൽ നടത്തുന്ന ജിംനേഷ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഭാര്യ : സുനിലകുമാരി (തൃശൂർ ഗവ. എൻജി. കോളേജ് അദ്ധ്യാപിക). മകൻ : മനു രാമചന്ദ്രൻ.
ഇന്നലെ തൃശൂരിൽ സഹപ്രവർത്തകർ വിരമിക്കൽ പാർട്ടി തീരുമാനിച്ചിരുന്നതാണ്. പക്ഷേ മത്സരത്തിൽ പങ്കെടുക്കണമെന്ന് ഞാൻ വാശിപിടിച്ചു. വിരമിക്കൽ തിയതിയും സർവീസിലെ അവസാന ചാമ്പ്യൻപട്ടവും ഒരേ തീയതിയിൽ ഒത്തുവരികയായിരുന്നു
- ടി.കെ.രാമചന്ദ്രൻ