ആലപ്പുഴ: ന്യൂസ് പ്രിന്റ് ഉത്പാദനം വർദ്ധിപ്പിക്കാൻ കുടുംബശ്രീയെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് പാഴ്മരങ്ങൾ വെച്ചു പി​ടിപ്പിക്കാൻ തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു. കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക ഭരണകൂട സംവിധാനത്തിന്റെ സഹായംകൊണ്ട് മാത്രം ഒരു സാമൂഹ്യ പ്രശ്‌നവും പരിഹരിക്കാൻ കഴിയില്ല. സമ്മർദ്ദങ്ങളും മാതൃകകളും കൊണ്ട് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും എല്ലാം ചേർന്ന് ഒത്തുപ്രവർത്തിച്ചെങ്കിൽ മാത്രമേ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളു. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നതൊക്കെ പഴങ്കഥയായി. കരയുന്ന കുഞ്ഞിനു പോലും കൊടുക്കാൻ പാലില്ലാതായ കാലമാണിത്. നാല് ശതമാനം പലിശക്ക് എല്ലാ ചെറുകിട അച്ചടി സ്ഥാപനങ്ങൾക്കും ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ബിജു പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ജേക്കബ് ജോൺ, കെ.ജെ.മോഹനൻ പിള്ള, അജിത് സൈമൺ, ജേക്കബ് വള്ളിക്കാടൻ, വിനേഷ് കുമാർ, ഹരിലാൽ, ഐസഖ് പൂത്തേത്, ജോർജ് തോമസ്, റിനു ആൽഫ എന്നിവർ സംസാരിച്ചു.