kutumba-samgamam

മാന്നാർ: നിരവധി പ്രതിസന്ധികളിലൂടെയാണ് വ്യാപാര മേഖല കടന്നുപോകുന്നതെന്നും പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനസെക്രട്ടറിയും ഇടുക്കി ജില്ലാപ്രസിഡന്റുമായ സണ്ണി പൈമ്പിള്ളിൽ പറഞ്ഞു. മാന്നാർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാന്നാർ വ്യാപാരഭവനിൽ നടന്ന കുടുംബസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ്പടിപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു. പ്രോഗ്രാംകൺവീനർ സജികുട്ടപ്പൻ പരിപാടി വിശദീകരണം നടത്തി. രക്ഷാധികാരികളായ ആർ.വെങ്കിടാചലം, ഗണപതിആചാരി, യൂത്ത്‌വിംഗ് ഭാരവാഹികളായ അജ്മൽഷാജഹാൻ, സതീഷ് മഹാലക്ഷ്മി, വനിതാവിംഗ് ഭാരവാഹികളായ സുജാമാത്യു, സജീനഷഫീഖ് എന്നിവർ സംസാരിച്ചു. ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ അച്ഛനമ്മമാർ, ഡയറക്ടർ മുഹമ്മദ്ഷമീർ, അന്വേഷണ മികവിൽ കേരള പൊലീസിന് അഭിമാനമായി മാറിയ മാന്നാർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജോസ് മാത്യു ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്തിലെ 18 വാർഡിലെയും കിഡ്നിരോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റുകളും, കുടുംബ സംഗമത്തിൽ പങ്കെടുത്ത വ്യാപാരികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വ്യാപാരി കുടുംബാംഗങ്ങളുടെ കലാപരിപാടികളും മെലഡി മേക്കേഴ്‌സിന്റെ ഗാനമേളയും അരങ്ങേറി. ട്രഷറർ ജമാൽ.എം നന്ദി പറഞ്ഞു.