
ആലപ്പുഴ: കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശിച്ചു. പരമാവധി പേരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാൻ നടപടിയെടുക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ എത്തിയതായിരുന്നു അദ്ദേഹം. രാവിലെ 11 മണിയോടെ എത്തിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗളിനെ ജില്ലാ കളക്ടർ ജോൺ.വി.സാമുവലും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഇലക്ടറൽ റോൾ ബി.എൽ.ഒമാർ കൃത്യമായി പരിശോധിച്ച് ഭൗതിക പരിശോധന പൂർത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർ വഴി ലഭ്യമാക്കണം. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സെൻസിറ്റീവ്, ക്രിട്ടിക്കൽ ബൂത്തുകളുടെ തൽസ്ഥിതി പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഭവന സന്ദർശനം നടത്തി ഇലക്ടറൽ റോളിന്റെ കൃത്യത ഉറപ്പുവരുത്തണം. വീഴ്ച വരുത്തുന്ന ബി.എൽ.ഒമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടറോട് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് മുന്നൊരുക്കങ്ങൾ ഉറപ്പാക്കാൻ ജില്ല കളക്ടർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.