ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിന് സമീപം 1.16 കോടി രുപ ചെലവഴിച്ച് രണ്ട് നിലകളിലായി നിർമ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടന സജ്ജമായി. താഴത്തെ നിലയിൽ പഞ്ചായത്തംഗങ്ങൾക്ക് ഇരിക്കുവാനുള്ള ഇടം, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർക്കുള്ള മുറികൾ, ഹെൽപ്പ് ഡെസ്‌ക് എന്നിവയും മുകളിലത്തെ നിലയിൽ 400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവുമാണ്. അർബൻ മിഷനിൽ ഉൾപ്പെടുത്തി 96 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ 20 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്.

പുതിയ ഓഡിറ്റോറിയത്തിനൊപ്പം നവീകരിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം ആറിന് വൈകിട്ട് 3ന് നടക്കും. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാനും നവീകരിച്ച ഓഫീസ് കെട്ടിടം എ.എം.ആരിഫ് എം.പിയും ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനാകും.