ആലപ്പുഴ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ മുഴുവൻ വീടുകളിലും ഗാർഹിക കണക്ഷൻ ലഭ്യമാക്കുന്നതിന് നടപടികൾ ആരംഭിച്ചതിനാൽ നഗരത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കും. നിലവിൽ 2644 ടാപ്പുകൾക്കായി പ്രതിമാസം 48 ലക്ഷത്തിലധികം രൂപയാണ് നഗരസഭ അടക്കേണ്ടിവരുന്നത്. ഇത് ഭാരിച്ച തുകയായതിനാലാണ് ജോയിൻറ് ഇൻസ്‌പെക്ഷൻ നടത്തി കണ്ടെത്തിയ 1479 ഉപയോഗിക്കാത്ത പൊതുടാപ്പുകൾ ഒഴിവാക്കാനും, 1165 എണ്ണം നിലനിർത്തുന്നതിനും തീരുമാനിച്ചത്.
നഗരസഭയിലെ നിലവിലെ മാസ്റ്റർ പ്ലാൻ പ്രകാരം നോട്ടിഫൈ ചെയ്ത റോഡുകൾക്ക് കൗൺസിൽ അംഗീകാരമായി. 32 റോഡുകളാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുവഴി റോഡിന് സമീപം പുതിയ നിർമ്മാണങ്ങൾ നടത്തിയവർ റോഡിനു വേണ്ടി സ്ഥലം വിട്ടു നൽകിയതിന്റെ പേരിൽ ഉണ്ടാകുന്ന സെറ്റ് ബാക്ക് പ്രശ്‌നത്തിന് പരിഹാരമാകും.
കെ സ്മാർട്ട് പദ്ധതി നടപ്പിലാകുന്നതിന്റെ ഭാഗമായി നഗരസഭയിലെത്തുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണന്ന് നഗരസഭാദ്ധ്യക്ഷ കൗൺസിലിനെ അറിയിച്ചു.
നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം. ആർ. പ്രേം, ആർ,വിനിത, നസീർപുന്നക്കൽ, കക്ഷിനേതാക്കളായ അഡ്വ.റീഗോരാജു, സലിം മുല്ലാത്ത്, കൗൺസിലർമാരായ ബി,മെഹബൂബ്, മനു ഉപേന്ദ്രൻ, അരവിന്ദാക്ഷൻ, ആർ.രമേഷ്, എ.ഷാനവാസ്, പി.റഹിയാനത്ത് തുടങ്ങിയവർ സംസാരിച്ചു.
നഗരത്തിൽ പൊതുടാപ്പുകൾ: 2644
ഒഴിവാക്കുന്നവ: 1479
നിലനിർത്തുന്നവ: 1165