ചേർത്തല : ക്ഷേത്രചടങ്ങുകൾക്കിടെ മേൽശാന്തിയെ മർദ്ദിച്ച് രസീത് ബുക്കുകൾ നശിപ്പിച്ച സംഭവത്തിൽ പൊലീസ് നടപടികളിൽ ഭക്തർക്ക് പ്രതിഷേധം.ക്ഷേത്രത്തിൽ അക്രമം കാട്ടി ഒരാഴ്ച പിന്നിട്ടിട്ടും അക്രമത്തിനിരയായ മേൽശാന്തിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാത്തത് ദുരൂഹതകൾക്കിടയാക്കിയിട്ടുണ്ട്.പരിക്കേറ്റ മേൽശാന്തിയെ രണ്ടു തവണ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചു.
തിരുവിതാംകൂർ ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിൽപ്പെട്ട വയലാർ കുമരംകോട് ഗണപതിക്കൽ ക്ഷേത്രത്തിലെ മേൽശാന്തി പി.എസ്.സുനിൽകുമാറിന് നേരേയാണ് അക്രമമുണ്ടായത്.ജനുവരി 24നായിരുന്ന സംഭവം.സമൂഹമാദ്ധ്യമങ്ങളിലിടാൻ വഴിപാട് രസീത് തിരുത്തിനൽകിയില്ലെന്ന കാരണത്താലായിരുന്നു മർദ്ദനം.അക്രമത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം സബ്ബ് ഗ്രൂപ്പ് ഓഫീസറാണ് അക്രമവിവരങ്ങൾ കാട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവം ഒതുക്കിതീർക്കുന്നതിനായി ഉന്നതതലത്തിൽ ഇടപെടലുകൾ നടക്കുന്നതായ വിമർശനങ്ങളും ഉയരുന്നുണ്ട്.