
ന്യൂഡൽഹി : രാമജന്മഭൂമിക്കേസ് വിധിയെഴുതിയ ജഡ്ജിയാരെന്ന് വെളിപ്പെടുത്തേണ്ടെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒരുമിച്ച് തീരുമാനിച്ചിട്ടാണ് വിധി പറഞ്ഞതെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ.
വിധി പറയും മുൻപ് ചേംബറിൽ ഒന്നിച്ചിരുന്ന് അക്കാര്യം തീരുമാനിച്ചു. സുപ്രീംകോടതിയുടെ ഏക വിധിയെന്ന സന്ദേശം നൽകാനായിരുന്നു ഇത്. സംഘർഷങ്ങളുടെ നീണ്ട ചരിത്രമുള്ള കേസാണ്. രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന വീക്ഷണങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ടു തന്നെ സുപ്രീംകോടതി ഏക സ്വരത്തിൽ ശബ്ദിക്കാൻ തീരുമാനിക്കുകയായിരുന്നു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ. 2019 നവംബർ ഒൻപതിലെ ചരിത്രവിധിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അനുമതി നൽകുകയായിരുന്നു. വിധിയും അതിനോട് ചേർന്നുള്ള കൂട്ടിച്ചേർക്കൽ ഭാഗവും എഴുതിയത് ഏത് ജഡ്ജിയാണെന്ന് രേഖാമൂലം രേഖപ്പെടുത്തിയിരുന്നില്ല. രഞ്ജൻ ഗൊഗൊയ്, ചന്ദ്രചൂഡ് എന്നിവർക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.
ക്ഷണിച്ചില്ലെങ്കിലും പോകും
രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കാൻ പോകുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു പ്രതികരിച്ചു. ഇതുവരെയും ക്ഷണക്കത്ത് ലഭിച്ചിട്ടില്ല. രാമൻ വിശ്വാസത്തിന്റെ ഭാഗമാണ്. അദ്ദേഹം തെളിച്ച പാതയിലൂടെ പോകുമെന്നും സുഖു പ്രതികരിച്ചു.