terreo

ന്യൂഡൽഹി: കാനഡയിൽ ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ അനുകൂല ബബ്ബർ ഖൽസ സംഘടനയുടെ നേതാവ് ഗോൾഡി ബ്രാർ എന്ന സതീന്ദർജിത് സിംഗിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചു.

ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും കടത്തൽ, കൊലപാതകം നടത്താൻ ഷാർപ്പ് ഷൂട്ടർമാരെ അയയ്‌ക്കൽ, പ്രമുഖരെ ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഭീകരനായി പ്രഖ്യാപിച്ചത്.

1994 ൽ പഞ്ചാബിലെ മുക്ത്സർ സാഹിബ് സിറ്റിയിലാണ് ജനിച്ചത്. നിലവിൽ കാനഡയിലെ ബ്രാംപ്ടൺ കേന്ദ്രീകരിച്ച് ഇന്ത്യയിൽ, പ്രത്യേകിച്ചും പഞ്ചാബിൽ ഭീകര, സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. ബ്രാറും കൂട്ടാളികളും പഞ്ചാബിലെ സമാധാനവും സാമുദായിക സൗഹാർദ്ദവും ക്രമസമാധാനവും തകർക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർപോൾ റെഡ് കോർഡർ നോട്ടീസ് പുറപ്പെടുവിച്ച ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ജാമ്യമില്ലാ വാറണ്ടും നിലവിലുണ്ട്.

ബബ്ബർ ഖൽസ പ്രവർത്തകനും പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്തെ സ്‌ഫോടനക്കേസിൽ മുഖ്യപ്രതിയുമായ ലഖ്‌ബീർ സിംഗ് ലാൻഡയെയും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു.