aravind-panagaria

ന്യൂഡൽഹി: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വിഭജനവും വരുമാന വർദ്ധന നടപടികളും ശുപാർശ ചെയ്യേണ്ട 16-ാം ധനകാര്യ കമ്മിഷൻ അദ്ധ്യക്ഷനായി നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയയെ കേന്ദ്രസർക്കാർ നിയമിച്ചു. ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെയാണ് കമ്മിഷൻ സെക്രട്ടറി. 2026 ഏപ്രിൽ മുതൽ അഞ്ച് വർഷമാണ് 16-ാം ധനകാര്യക്കമ്മിഷൻ കാലാവധി. നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 16-ാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾക്ക് (ടേംസ് ഒഫ് റഫറൻസ്) അംഗീകാരം നൽകിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ നികുതി വരുമാനത്തിന്റെ വിഹിതം, ഭരണഘടനയുടെ ആർട്ടിക്കിൾ 275 പ്രകാരം കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ള വരുമാനത്തിന്റെ ഗ്രാന്റ്-ഇൻ-എയ്ഡ് വഴി സംസ്ഥാനങ്ങൾക്ക് നൽകേണ്ട തുക നിശ്ചയിക്കൽ, പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വിഭവങ്ങൾക്ക് അനുബന്ധമായി സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ട് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ കമ്മിഷൻ ശുപാർശ നൽകും. ദുരന്ത നിവാരണ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങൾ കമ്മിഷൻ അവലോകനം ചെയ്യുകയും ഉചിതമായ ശുപാർശകൾ നൽകുകയും ചെയ്യും. നിലവിലുള്ള 15-ാം ധനകാര്യ കമ്മിഷൻ 2017 നവംബർ 27നാണ് രൂപീകരിച്ചത്. 2020 ഏപ്രിൽ 1ന് ആരംഭിച്ചു. 2025-26 സാമ്പത്തിക വർഷം വരെയാണ് കാലാവധി. ഡോ. അരവിന്ദ് പനഗരിയ മുൻ കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്(എ.ഡി.ബി) മുൻ ചീഫ് ഇക്കണോമിസ്റ്റുമാണ്. അക്കാഡമിക് രംഗത്തും നിരവധി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. ജഗദീഷ് ഭഗവതി ഇന്ത്യൻ പൊളിറ്റിക്കൽ ഇക്കണോമിക്‌സിൽ പ്രൊഫസറും രാജ് സെന്റർ ഓൺ ഇന്ത്യൻ ഇക്കണോമിക് പോളിസി ഡയറക്ടറുമായി പ്രവർത്തിക്കവെയാണ് ധനകാര്യ കമ്മിഷനിലെ പുതിയ ഉത്തരവാദിത്വം.