
ന്യൂഡൽഹി : കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന തസ്തികളിലേക്കുള്ള നിയമനം വേഗത്തിലാക്കാൻ സെലക്ഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.
.ഇതു കോടതി ഇന്ന് പരിഗണിച്ചേക്കും.
സംസ്ഥാന - ജില്ലാ തലങ്ങളിൽ സമിതി രൂപീകരിക്കും. സംസ്ഥാന തല സമിതിയുടെ ചെയർമാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആയിരിക്കും. നിയമനങ്ങളുടെ പുരോഗതി സമിതി വിലയിരുത്തും.
സമിതിയുടെ ഘടനയും അംഗങ്ങളെയും അടക്കം ശുപാർശ ചെയ്ത് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
രണ്ട് ജില്ലകൾക്ക് ഒന്നെന്ന രീതിയിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ മൂന്ന് സമിതികളാണ് രൂപീകരിക്കുന്നത്. റാങ്ക് പട്ടിക തയ്യാറാക്കൽ തുടങ്ങിയ ഉത്തരവാദിത്തം ജില്ലാതല സമിതികൾക്കായിരിക്കും. ഈ പട്ടികയിലെ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ സ്കൂൾ മാനേജർ ബാദ്ധ്യസ്ഥരാണന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും അവരുടെ തസ്തികകളിൽ നിയമനം നേടിയവരും സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.