
ന്യൂഡൽഹി: ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ച് ഒരു വർഷത്തേക്ക് ചൈനയുടെ ഗവേഷണ കപ്പലുകളെ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇഇസെഡ്) പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക.
ചൈനീസ് ശാസ്ത്ര ഗവേഷണ കപ്പൽ സിയാങ് യാങ് ഹോങ് -3 ജനുവരി 5 മുതൽ മെയ് വരെ ശ്രീലങ്കൻ, മാലിദ്വീപ് സമുദ്രങ്ങളിൽ ആഴത്തിലുള്ള ജല പര്യവേക്ഷണം നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. ചൈനീസ് കപ്പലിന്റെ സാന്നിധ്യം ഇന്ത്യയ്‌ക്ക് സുരക്ഷാ ഭീഷണിയാണെന്ന് കഴിഞ്ഞ ജൂലായിൽ ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിപ്പിച്ചിരുന്നു. യു.എസും ഇക്കാര്യത്തിൽ ശ്രീലങ്കയ്‌ക്കുമേൽ സമ്മർദ്ദം ചെലുത്തി.
ചൈനയെ അനുകൂലിക്കുന്ന മാലിദ്വീപിലെ മുഹമ്മദ് മുയിസു ഭരണകൂടം 4,600 ടൺ ഭാരമുള്ള കപ്പലിന്റെ സർവേ എതിർക്കാനിടയില്ല. ചൈനീസ് ഗവേഷണ കപ്പലായ ഷി യാൻ 6 ശ്രീലങ്കൻ മാരിടൈം ഏജൻസിയുമായി ചേർന്ന് ഒക്‌ടോബർ-നവംബർ മാസങ്ങളിൽ സംയുക്ത സമുദ്ര സർവേ നടത്തുന്നതും ഇന്ത്യ എതിർത്തതാണ്. വിക്രമസിംഗെയുടെ ബീജിംഗ് സന്ദർശനത്തിന്റെ അനന്തര ഫലമെന്നോണം ശ്രീലങ്ക കപ്പലിന് അനുമതി നൽകി. ഈ കപ്പൽ മാർച്ചിൽ വീണ്ടുമെത്തേണ്ടതാണെങ്കിലും വിലക്ക് തടസമാകും.
ചൈനീസ് ഗവേഷണ കപ്പലുകൾ, ബാലിസ്റ്റിക് മിസൈൽ ട്രാക്കറുകൾ, ഹൈഡ്രോഗ്രാഫിക് കപ്പലുകൾ എന്നിവ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സർവേകൾ നടത്തുന്നത് പതിവാണ്.