
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശില്പത്തിന്റെയും ശില്പി അരുൺ യോഗിരാജിന്റെയും ചിത്രം എക്സിലൂടെ പുറത്തുവിട്ട് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി. പക്ഷേ രാംലല്ല രൂപമല്ലിത്. അമ്പും വില്ലും ധരിച്ച് നിൽക്കുന്ന രാമനും സമീപത്തായി സീതയും, ലക്ഷ്മണനും, ഹനുമാനുമുണ്ട്. ഇത് സ്ഥിരീകരിക്കാൻ ക്ഷേത്രം ട്രസ്റ്റ് തയ്യാറായിട്ടില്ല.
പ്രാണപ്രതിഷ്ഠ നടത്തേണ്ട ശില്പത്തെ രഹസ്യ വോട്ടെടുപ്പിലൂടെ ക്ഷേത്ര ട്രസ്റ്റ് തിരഞ്ഞെടുത്തിരുന്നു. 51 ഇഞ്ച് ഉയരമുള്ള രാംലല്ലയുടെ (ബാലനായ രാമൻ) മൂന്ന് ശില്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. ഇതിനിടെയാണ് സീതയോടൊപ്പമുള്ള രാമന്റെ ചിത്രം മന്ത്രി പുറത്തുവിട്ടത്. വെള്ളിയാഴ്ച ട്രസ്റ്റ് വ്യക്തത വരുത്തുമെന്നാണ് റിപ്പോർട്ടുകൾ.
ട്വീറ്റിന് പിന്നാലെ അരുൺ യോഗിരാജിന്റെ മൈസൂരുവിലെ കുടുംബം സന്തോഷം പ്രകടിപ്പിച്ചു. ആഹ്ലാദകരമായ മുഹൂർത്തമെന്നും പ്രാണപ്രതിഷ്ഠ കാണാൻ പോകുന്നുണ്ടെന്നും അമ്മ സരസ്വതി പ്രതികരിച്ചു. തലമുറകളായി ശില്പജോലി ചെയ്യുന്ന കുടുംബമാണ്. എം.ബി.എ ബിരുദധാരിയാണ്. 2008ൽ കോർപറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പാരമ്പര്യ ജോലിയിലേക്ക് ഇറങ്ങി. വിജേതയാണ് ഭാര്യ.
അരുണിന്റെ ശില്പങ്ങൾ
ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിക്ക് സമീപം സുഭാഷ് ചന്ദ്രബോസിന്റെ 30 അടി ഉയരമുള്ള ശില്പം
കേദാർനാഥിൽ 12 അടി ഉയരമുള്ള ആദി ശങ്കരാചാര്യരുടെ പ്രതിമ
മൈസൂരുവിൽ 15 അടി ഉയരമുള്ള ബി.ആർ. അംബേദ്കറിന്റെ പ്രതിമ