 ഭാര്യ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസ് അയച്ചതോടെ രാജി അഭ്യൂഹം ശക്തമായി. സോറന് രാജിവയ്ക്കേണ്ടി വന്നാൽ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി നേതാവ് നിഷികാന്ത്ദുബെ പറഞ്ഞു.

ഇതിനകം 14 പേർ അറസ്റ്റിലായ കള്ളപ്പണക്കേസിലാണ് സോറന് ഇ.ഡി ഏഴാം തവണ നോട്ടീസ് നൽകിയത്. മുമ്പ് ആറ് സമൻസുകൾ അയച്ചെങ്കിലും ഹാജരായിരുന്നില്ല. അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിച്ചത്.

സുപ്രീംകോടതിയും

കൈവിട്ടു

സമൻസിനെതിരെ സോറൻ നൽകിയ ഹർജി ജാർഖണ്ഡ് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതോടെ ഇക്കുറി ചോദ്യംചെയ്യലിന് ഹാജരാകേണ്ട അവസ്ഥയാണ്. ചോദ്യംചെയ്യലിന് പിന്നാലെ അറസ്റ്റുണ്ടായാൽ ഭാര്യയെ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിക്കാനാണ് ആലോചന. ഗണ്ഡേയിൽ നിന്നുള്ള പാർട്ടി എം.എൽ.എ സർഫറാസ് അഹമ്മദ് കഴിഞ്ഞ ദിവസം രാജിവച്ചത് കൽപനയ്‌ക്ക് മത്സരിക്കാനാണെന്ന് അറിയുന്നു. 2019 ഡിസംബർ 27നാണ് സോറൻ സർക്കാർ രൂപീകരിച്ചത്.