modi

ന്യൂഡൽഹി: വികസിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ളതാണ് വരുന്ന 25 വർഷങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 19,850 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമയാനം, റെയിൽ, റോഡ്, എണ്ണ-വാതകം, കപ്പൽവ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയിലാണ് വികസനം.

‘ആസാദി കാ അമൃത് കാൽ’ ഇന്ത്യ വികസിത രാഷ്ട്രമായി മാറുന്നതിൽ നിർണായക പങ്കു വഹിക്കും. ഇന്ത്യയുടെ സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണ് തമിഴ്‌നാട്. മേക്ക് ഇൻ ഇന്ത്യയുടെ പ്രധാന ബ്രാൻഡ് അംബാസഡറായി തമിഴ്‌നാട് മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രളയ ദുരന്തത്തിൽ അനുശോചിച്ച പ്രധാനമന്ത്രി കേന്ദ്ര സർക്കാർ തമിഴ്‌നാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും വ്യക്തമാക്കി. അന്തരിച്ച നടൻ വിജയ്‌കാന്ത്, ശാസ്‌ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ എന്നിവരെയും സ‌്‌മരിച്ചു.

തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്‌ത പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ റെയിൽ-റോഡ്-എണ്ണവാതക-കപ്പൽ വ്യാപാര മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ചു. വാതക പദ്ധതികളിൽ

ഗെയിലിന്റെ കൊച്ചി-കൂറ്റനാട്-ബംഗളൂരു- മംഗളൂരു രണ്ടാം വാതക പൈപ്പ്‌ലൈനും ഉൾപ്പെടുന്നു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പൊതുചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, എൽ. മുരുകൻ തുടങ്ങിയവരും പങ്കെടുത്തു.

അവഗണിക്കപ്പെട്ട

ലക്ഷദ്വീപിൽ വികസനം

സ്വാതന്ത്ര്യാനന്തരം ദീർഘകാലം അവഗണന നേരിട്ട ലക്ഷദ്വീപിൽ കൃത്യമായ വികസന ദൗത്യമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് ലക്ഷദ്വീപിലെ അഗത്തിൽ പൊതുയോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ദ്വീപിൽ കപ്പൽവ്യാപാരം ജീവനാഡിയായിട്ടും തുറമുഖ അടിസ്ഥാനസൗകര്യങ്ങളില്ല. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളും പിന്നാക്കമാണ്.

10 വർഷത്തിനിടെ അഗത്തിയിൽ നിരവധി വികസനപദ്ധതികൾ വന്നുവെന്നും മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങൾ ഒരുങ്ങുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി - ഊർജ ആവശ്യങ്ങൾക്കായി സൗരോർജ നിലയവും വ്യോമയാന ഇന്ധന ഡിപ്പോയും ഉദ്ഘാടനം ചെയ്യുകയാണ്. എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കും. ഇന്ന് കവരത്തിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച ശേഷം അദ്ദേഹം കേരളത്തിലേക്ക് വരും.