
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനുവരി 22 ന്റെ അയോദ്ധ്യ പ്രതിഷ്‌ഠാ ചടങ്ങുമായി ബന്ധപ്പെട്ട് വൻ പ്രചാരണം നടത്താനും പരമാവധി ആളുകളെ ക്ഷേത്രത്തിലെത്തിക്കാനും ബി.ജെ.പി. ജനുവരി 25 മുതൽ രണ്ടുമാസം രാജ്യത്തെ എല്ലാ ബൂത്തിൽ നിന്നുമുള്ള സാധാരണക്കാരെ കൊണ്ടുവരാനാണ് ഇന്നലെ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം.
സ്വന്തം ചെലവിൽ അയോദ്ധ്യയിൽ എത്തുന്നവർക്ക് താമസ, ഭക്ഷണ സൗകര്യം നൽകും. അയോദ്ധ്യയിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കാൻ 35 ട്രെയിനുകൾ ഓടിക്കണമെന്ന് യോഗത്തിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് നിർദ്ദേശം നൽകി. താമസം സൗകര്യം ഉറപ്പാക്കേണ്ട ചുമതല ഉത്തർപ്രദേശ് ഘടകത്തിനാണ്. രാമക്ഷേത്ര ദർശന വേളയിൽ പാർട്ടി പതാക വഹിക്കരുതെന്നും ബി.ജെ.പി അണികളോട് നിർദ്ദേശിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ ആഹ്വാനം നടപ്പാക്കാൻ ജനുവരി 22 ന് ഇന്ത്യയിലുടനീളം വീടുകളിൽ ദീപം തെളിക്കുന്നത് ഉറപ്പാക്കാനും നദ്ദ നേതാക്കളോട് ആവശ്യപ്പെട്ടു.