ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കൾക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവയ്‌ക്കാൻ സന്ദർശനാനുമതി തേടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്‌കുമാറിന് കത്തയച്ചു. 'ഇന്ത്യ' മുന്നണി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഓഗസ്റ്റിലും ഒക്‌ടോബറിലും സന്ദർശന അനുമതി തേടിയെങ്കിലും ലഭിച്ചില്ലെന്ന് ജയറാം രമേഷ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കമ്മിഷന് കഴിഞ്ഞിട്ടില്ല. അതിനാൽ 3-4 പ്രതിപക്ഷ നേതാക്കൾക്ക് വിവി പാറ്റിനെക്കുറിച്ച് ആശങ്ക ചർച്ച ചെയ്യാൻ അനുമതി നൽകണം. വിവി പാറ്റ് സ്ലിപ്പ് ബോക്സിൽ വീഴുന്നതിനുപകരം, വോട്ടർക്ക് കൈമാറണം. വോട്ടർ പരിശോധിച്ച ശേഷം ഒരു പ്രത്യേക ബോക്സിൽ നിക്ഷേപിക്കണമെന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.