adani

ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർ‌‌ഡ് (സെബി) തന്നെ അന്വേഷിച്ചാൽ മതിയെന്ന് സുപ്രീംകോടതി. അന്വേഷണം സി.ബി.ഐക്കോ,​ പ്രത്യേക സംഘത്തിനോ വിടേണ്ട അടിയന്തര സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,​ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അദാനി ഗ്രൂപ്പ് തിരിമറി കാട്ടിയെന്ന അന്വേഷണാത്മക മാദ്ധ്യമപ്രവർത്തകരുടെ രാജ്യാന്തര ശൃംഖലയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ റിപ്പോർട്ടിലെ നിഗമനങ്ങളും കോടതി തള്ളി. മാദ്ധ്യമങ്ങളോ മറ്റ് സംഘടനകളോ പുറത്തു വിടുന്ന വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകൾ സെബി പോലെ നിയമസാധുതയുള്ള ഒരു സ്ഥാപനത്തിനെതിരെ തെളിവായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം,​ അദാനി ഗ്രൂപ്പ് നിയമവിരുദ്ധമായി ഓഹരികളുടെ ഷോർട്ട് സെല്ലിംഗ് നടത്തിയെന്ന ഹിൻഡൻബർഗ് ആരോപണങ്ങൾ കേന്ദ്ര ഏജൻസികളോ സെബിയോ അന്വേഷിക്കണം. ഇന്ത്യൻ നിക്ഷേപകർക്ക് നഷ്ടമുണ്ടാോ എന്ന് പരിശോധിക്കണം. നിയമലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കണം.

24 വിഷയങ്ങളിൽ 22 എണ്ണത്തിൽ സെബി അന്വേഷണം പൂർത്തിയാക്കി. രണ്ടെണ്ണത്തിൽ മൂന്ന് മാസത്തിനകം പൂർത്തിയാക്കണം. അദാനി ഗ്രൂപ്പ് പണം കടത്തി ദുബായിലെയും മൗറീഷ്യസിലെയും സ്ഥാപനങ്ങൾ വഴി സ്വന്തം കമ്പനികളിൽ നിക്ഷേപിച്ചു എന്ന റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ( ഡി. ആർ. ഐ )​ മുന്നറിയിപ്പ് സെബി മറച്ചു വച്ചെന്ന ഹർജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അദാനിക്കെതിരായ അന്വേഷണം ഡി. ആർ. ഐ 2016ൽ തന്നെ അവസാനിപ്പിച്ചിരുന്നു എന്ന സെബിയുടെ വാദം കോടതി അംഗീകരിച്ചു.

കോൺഗ്രസ് നേതാവ് ജയ താക്കൂർ അടക്കം സമർപ്പിച്ച പൊതുതാത്പര്യഹർജികൾ തീർപ്പാക്കിയാണ് സുപ്രധാന വിധി.

 സെബിയിൽ വിശ്വാസം
സെബിയുടെ ചട്ടങ്ങളിൽ കോടതിക്ക് ഇടപെടാൻ പരിമിതികളുണ്ടെന്ന് വ്യക്തമാക്കി. തത്വത്തിൽ സെബിയുടെ സ്വയംഭരണാധികാരം കോടതി ഉറപ്പിച്ചു.

 സമിതി അംഗങ്ങൾക്കെതിരായ ആരോപണം തള്ളി

2023ജനുവരിയിൽ ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതോടെ അദാനിഗ്രൂപ്പിന്റെ ഓഹരികളിൽ 14,000 കോടി ഡോളറിന്റെ നഷ്ടം വന്നിരുന്നു. 20,000കോടി രൂപയുടെ ഓഹരി വിൽപ്പന റദ്ദാക്കുകയും ചെയ്‌തിരുന്നു. ക്രമക്കേടുകൾ അന്വേഷിക്കാൻ2 023 മാർച്ചിൽ സുപ്രീംകോടതി,​ റിട്ട ജസ്റ്റിസ് എ. എം. സപ്രെയുടെ നേതൃത്വത്തിൽ ആറംഗ വിദഗ്ദ്ധസമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. അദാനി തിരിമറി നടത്തിയതിന് തെളിവില്ലെന്നായിരുന്നു കമ്മിറ്റി റിപ്പോർട്ട്. ചില സമിതി അംഗങ്ങളുടെ അദാനിബന്ധത്തിൽ ഹർജിക്കാർ സംശയമുന്നയിച്ചത് കോടതി അംഗീകരിച്ചില്ല.

സത്യമേവ ജയതേ. സത്യം വിജയിച്ചു. ഒപ്പം നിന്നവർക്ക് നന്ദി. ഇന്ത്യയുടെ വളർച്ചയിൽ അദാനി ഗ്രൂപ്പിന്റെ എളിയ സംഭാവന തുടരും.

--ഗൗതം അദാനി, ചെയർമാൻ, അദാനി ഗ്രൂപ്പ്