ന്യൂഡൽഹി : സർക്കാർ ഉദ്യോഗസ്ഥരെ കോടതികളിലേക്ക് അനാവശ്യമായി വിളിച്ചു വരുത്തി രൂക്ഷ പരാമർശങ്ങൾ നടത്തുന്നത് തടയാൻ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇതിന് മാർഗരേഖയിറക്കി.

ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം അനിവാര്യമെങ്കിൽ നോട്ടീസിൽ കാരണങ്ങൾ രേഖപ്പെടുത്തണം. ആദ്യ ഓപ്ഷനായി വീഡിയോ കോൺഫറൻസിംഗ് അനുവദിക്കണം. ഉദ്യോഗസ്ഥന് തയ്യാറായി വരാൻ ആവശ്യത്തിന് സമയം നൽകണം. വാദം കേൾക്കുന്ന സമയമത്രയും ഉദ്യോഗസ്ഥൻ കോടതിയിൽ നിൽക്കേണ്ടതില്ല. ഉദ്യോഗസ്ഥനെ അപമാനിക്കുന്ന പരാമർശങ്ങൾ വേണ്ട. ബഹുമാനത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും അന്തരീക്ഷം വേണം. ഉത്തരവുകൾ നടപ്പാക്കാൻ സമയപരിധി നൽകുമ്പോൾ അത് നടപ്പാക്കുന്നതിലെ സങ്കീർണതകൾ പരിഗണിച്ച് ന്യായമായ സമയം നൽകണം. ഡ്രസ് കോഡ് ആവശ്യമില്ലാത്ത ഉദ്യോഗസ്ഥരുടെ വേഷത്തെ കുറിച്ച് പരാമർശം നടത്തരുത്. ഉത്തരവ് നടപ്പാക്കാത്തതിന് കോടതിയലക്ഷ്യ നടപടി ആരംഭിക്കുമ്പോൾ ജാഗ്രതയും സംയമനവും പാലിക്കണം. സാന്നിദ്ധ്യം ആവശ്യപ്പെടാതെ, ആദ്യം നോട്ടീസ് അയച്ച് വിശദീകരണം തേടണം. സുപ്രീംകോടതി,​ ഹൈക്കോടതികൾ,​ കീഴ്ക്കോടതികൾ തുടങ്ങിയവയ്ക്ക് മാർഗരേഖ ബാധകമാണ്. മാർഗരേഖയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതികൾ ചട്ടം രൂപീകരിക്കണമെന്നും ഉത്തരവിട്ടു.

ഉത്തർപ്രദേശിൽ റിട്ടയേർഡ് ജഡ്ജിമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെ അലഹബാദ് ഹൈക്കോടതി വിളിച്ചുവരുത്തി ജയിലിൽ അയച്ചിരുന്നു. ഇത് വിവാദമായതോടെ സുപ്രീംകോടതി ഇടപെട്ട് ഉദ്യോഗസ്ഥരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ടു. ഇതിന്റെ തുടർച്ചയായി, ഹൈക്കോടതി നടപടി റദ്ദാക്കിയാണ് ഇപ്പോഴത്തെ മാർഗരേഖ.

വിളിച്ചുവരുത്താം

 തെളിവ് ശേഖരണത്തിന് സാന്നിദ്ധ്യം അനിവാര്യമെങ്കിൽ

 കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയില്ലെങ്കിൽ

 വിവരങ്ങൾ ഒളിപ്പിക്കുകയോ, തെറ്രിദ്ധരിപ്പിക്കുകയോ ചെയ്താൽ

വിളിച്ചുവരുത്തരുത്

 സത്യവാങ്മൂലമോ, രേഖകളോ മാത്രം മതിയാകുന്ന കേസുകളിൽ

 കോടതിയുടെ നിലപാടിന് വിരുദ്ധമാണ് സത്യവാങ്മൂലമെങ്കിൽ

 ഉദ്യോഗസ്ഥന്റെ വിദ്യാഭ്യാസവും സാമൂഹിക പശ്ചാത്തലവും പരാമർശിക്കരുത്