ന്യൂഡൽഹി: ലക്ഷദ്വീപിലെ ജീവിതവും യാത്രയും വ്യാവസായവും സുഗമമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ലക്ഷദ്വീപിൽ 1150 കോടി രൂയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ ദ്വീപ് രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ലക്ഷദ്വീപിലേക്ക് വരണം. ലക്ഷദ്വീപിന്റെ മനോഹാരിതയ്‌ക്കു മുന്നിൽ മറ്റുള്ളവയുടെ തിളക്കം കുറവാണ്. ചെറിയ പ്രദേശമാണെങ്കിലും ജനഹൃദയങ്ങൾ സമുദ്രം പോലെ ആഴമുള്ളതാണ്. അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും സമ്മതിക്കില്ല. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തതിനാൽ ദ്വീപുകളിൽ നിന്ന് യുവാക്കൾ പലായനം ചെയ്‌തിരുന്നു. ആന്ദ്രോത്ത്, കദ്മത്ത് ദ്വീപുകളിൽ കല-ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും മിനിക്കോയിയിലെ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കുന്നത് നേട്ടമാകുമെന്നും മോദി പറഞ്ഞു. ഹജ്ജ് വിസാ നടപടികൾ എളുപ്പമാക്കിയതും ‘മെഹ്‌റം’ ഇല്ലാതെ സ്ത്രീകൾക്ക് യാത്രാനുമതി നൽകിയതും എടുത്തുപറഞ്ഞു.

ഒപ്‌റ്റിക്കൽ ഫൈബർ പദ്ധതി സമർപ്പിച്ചു

ലക്ഷദ്വീപ് ദ്വീപസമൂഹത്തിൽ 200 ജി.ബി.പി.എസ് വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഒപ്‌റ്റിക്കൽ ഫൈബർ കണക്‌ഷൻ മോദി ഉദ്ഘാടനം ചെയ്‌തു. കൊച്ചിയിൽ നിന്ന് കടലിനടിയിലൂടെ വലിച്ച ഒപ്‌റ്റിക്കൽ ഫൈബർ വഴിയാണ് അതിവേഗ ഇന്റർനെറ്റ് നടപ്പാക്കിയത്.

ലക്ഷദ്വീപിലെ വികസനത്തിന് തടസമായ ഇന്റർനെറ്റ് വേഗതയില്ലായ്‌മ 1000 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് നരേന്ദ്രമോദി 2020ൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ലക്ഷദ്വീപിനെ കടലിനടിയിലെ ഒപ്റ്റിക് ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കുന്നത്. ടെലി മെഡിസിൻ, ഇ-ഗവേണൻസ്, വിദ്യാഭ്യാസ സംരംഭങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ്, ഡിജിറ്റൽ കറൻസി ഉപയോഗം, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ സേവനങ്ങൾ ദ്വീപുകളിൽ ലഭ്യമാക്കും. കുടിവെള്ളത്തിനായി കടൽജലത്തിൽനിന്ന് ഉപ്പു വേർതിരിക്കുന്ന നിലയവും ഉദ്ഘാടനം ചെയ്‌തു. 1.5 ലക്ഷം ലിറ്റർ ശുദ്ധമായ വെള്ളം ഇവിടെ ഉത്പാദിപ്പിക്കും.

അഗത്തി, മിനിക്കോയ് ദ്വീപുകളിലെ വീടുകളിൽ ടാപ്പ് കണക്ഷൻ, കവരത്തിയിലെ സൗ​രോർജ്ജനിലയം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അഞ്ച് മാതൃകാ അങ്കണവാടികളുടെയും നവീകരണം അടക്കം 1150 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും സൈക്കിളുകളും, കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്‌തു.