ന്യൂഡൽഹി: ഭർത്താവുമായി അകൽച്ചയിലാണെങ്കിൽ വനിതാ ജീവനക്കാരികളുടെ കുടുംബ പെൻഷൻ ലഭിക്കാൻ മക്കളെ നോമിനികളാക്കാമെന്ന് കേന്ദ്ര പെൻഷൻ മന്ത്രാലയം അറിയിച്ചു. നിലവിൽ, സർക്കാർ ജീവനക്കാരുടെ മരണശേഷം ജീവിതപങ്കാളിക്കാണ് കുടുംബ പെൻഷൻ . പങ്കാളിക്ക് അർഹതയില്ലാതെ വരികയോ, മരണപ്പെടുകയോ ചെയ്‌താൽ മാത്രമേ മറ്റ് കുടുംബാംഗങ്ങൾക്ക് അർഹതയുള്ളൂ.
ദാമ്പത്യ കലഹം, കോടതിയിൽ വിവാഹമോചന കേസ് തുടങ്ങിയ സാഹചര്യങ്ങളിൽ വനിതാ ജീവനക്കാർക്ക് കുടുംബ പെൻഷൻ നോമിനിയായി കുട്ടികളെ നാമനിർദ്ദേശം ചെയ്യാമെന്നാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. ഗാർഹിക പീഡനം, സ്ത്രീധന നിരോധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിലും കുടുംബ പെൻഷൻ കുട്ടികൾക്ക് നൽകാം.
പ്രായപൂർത്തിയാകാത്ത വൈകല്യമുള്ള കുട്ടികളുടെ കാര്യത്തിൽ, പെൻഷൻ ലഭിക്കാൻ രക്ഷാകർത്താവിനെ ചുമതലപ്പെടുത്താം. കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കും.