
ന്യൂഡൽഹി: ലൈംഗികാരോപണം നേരിട്ട ബ്രിജ്‌ഭൂഷൺ ശരൺ സിംഗിനെയും പുതിയ ഗുസ‌്‌തി ഫെഡറേഷൻ അദ്ധ്യക്ഷൻ സഞ്ജയ് സിംഗിനെയും പിന്തുണച്ച് ഡൽഹി ജന്ദർ മന്ദറിൽ നൂറുകണക്കിന് ജൂനിയർ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം. ബ്രിജ്‌ഭൂഷണിനെ എതിർക്കുന്ന സീനിയർ താരങ്ങളായ സാക്ഷി മാലിക്, വിനയ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ തുടങ്ങിയവർ തങ്ങളുടെ കരിയറിനെ നശിപ്പിക്കുകയാണെന്ന് ജൂനിയർ താരങ്ങൾ ആരോപിച്ചു. പകൽ മുഴുവൻ ജന്ദർമന്ദറിൽ പ്രതിഷേധിച്ച ശേഷം ഇന്ത്യാഗേറ്റിലേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ അവരെ പൊലീസ് തടഞ്ഞു.
ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി മേഖലകളിൽ നിന്നുള്ള ജൂനിയർ ഗുസ്‌തി താരങ്ങളാണ് ബസുകളിൽ ഇന്നലെ രാവിലെ ജന്ദർമന്ദറിലെത്തിയത്.
'മൂന്ന് താരങ്ങളിൽ നിന്ന് ഗുസ്‌തിയെ രക്ഷിക്കൂ' തുടങ്ങി ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർക്കെതിരായ പ്ളക്കാർഡുകളേന്തി, മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ജനുവരിയിൽ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ സാക്ഷി, വിനയ്, ബജ്‌റംഗ് തുടങ്ങിയ സീനിയർ താരങ്ങളുടെ പ്രതിഷേധം അരങ്ങേറിയതും ജന്ദർമന്ദറിലായിരുന്നു.
സഞ്ജയ് സിംഗിനെ മാറ്റിയാൽ
ഫെഡറേഷനുമായി സഹകരിക്കുമെന്ന് സാക്ഷി
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിംഗ് മാറി നിന്നാൽ, പുതിയ ട ഗുസ്‌തി ഫെഡറേഷൻ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് സാക്ഷി മാലിക്. അതേസമയം ബ്രിജ്ഭൂഷന്റെ ആളുകൾ തന്റെ വീട്ടിൽ ഫോൺ ചെയ്‌ത് അമ്മയെ ഭീഷണിപ്പെടുത്തിയെന്ന് അവർ ആരോപിച്ചു. വീട്ടിലെ ആളുകൾക്കെതിരെ കേസെടുക്കുമെന്നാണ് ഭീഷണി. സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപവും പതിവാണ്.
സഞ്ജയ് സിംഗ് ഇല്ലെങ്കിൽ പുതിയ ഫെഡറേഷനുമായി പ്രശ്‌നങ്ങളൊന്നുമില്ല. അഡ്‌ഹോക്ക് കമ്മിറ്റിയുമായും സഹകരിക്കും. സഞ്ജയ് സിംഗിന്റെ പെരുമാറ്റം എല്ലാവരും കണ്ടതാണ്. ഫെഡറേഷനിൽ അയാളുടെ ഇടപെടൽ വേണ്ട. തിരഞ്ഞെടുപ്പിന് ശേഷം ബ്രിജ് ഭൂഷൺ ശരൺ സിംഗ് നടത്തിയ അധികാര ദുർവിനിയോഗം എല്ലാവരും കണ്ടു. അദ്ദേഹം തന്റെ വീട്ടിൽ ടൂർണമെന്റിന്റെ തിയതി പ്രഖ്യാപിച്ചു. സർക്കാർ ഞങ്ങൾക്ക് മാതാപിതാക്കളെപ്പോലെയാണ്. ഭാവി താരങ്ങൾക്കായി ഗുസ്തി സുരക്ഷിതമാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സഞ്ജയ് സിംഗ് തിരിച്ചുവരില്ലെന്ന് മന്ത്രാലയം വ്യക്തമാക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു.
അഡ്ഹോക് സമിതി ഉടൻ ടൂർണമെന്റുകൾ പ്രഖ്യാപിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ഗുസ്‌തിയിൽ നിന്ന് വിരമിച്ച സാക്ഷി ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമാക്കിയില്ല.