ന്യൂഡൽഹി : മുൻകൂർ പാരസ്ഥിതികാനുമതിയില്ലാതെ വൻകിട ഖനന പദ്ധതികൾക്ക് അടക്കം പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന കേന്ദ്ര സർക്കാർ വിജ്ഞാപനങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി.

2021 ജൂലായിലും, 2022 ജനുവരിയിലും ഇറക്കിയ വിജ്ഞാപനങ്ങളാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. പരിസ്ഥിതി - വനം മന്ത്രാലയത്തിന്

നോട്ടീസയച്ചു. നാലാഴ്ച്ചയ്ക്കകം മറുപടി സമർപ്പിക്കണം. മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ സംഘടനയായ വനശക്തിയുടെ പൊതുതാത്പര്യ ഹർജിയിലാണ് നടപടി.

മുൻകൂർ പാരസ്ഥിതികാനുമതിയില്ലാതെ പദ്ധതി പ്രവർത്തനം തുടങ്ങാനും, പിന്നീട് പിഴയില്ലാതെ ക്രമപ്പെടുത്താനും കേന്ദ്ര സർക്കാർ വിജ്ഞാപനം വഴിയൊരുക്കി. 2018 ഏപ്രിലിന് ശേഷം പാരസ്ഥിതികാനുമതിക്കായി അപേക്ഷ സമർപ്പിച്ച പദ്ധതികളുടെ കാര്യത്തിലാണിത് ബാധകം. 2006ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) വിജ്ഞാപനത്തിന്റെ ലംഘനമാണ് കേന്ദ്രസർക്കാരിന്റെ നടപടികളെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് തന്നെയാകണം പാരിസ്ഥിതിക ആഘാതപഠനം നടത്തേണ്ടത്. അല്ലെങ്കിൽ പരിസ്ഥിതി സംരക്ഷണ നിയമത്തെ അനാഥമാക്കുന്ന നടപടിയാകുമെന്നും വന ശക്തിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു.