e
ന്യൂഡൽഹി : ചോദ്യക്കോഴ ആരോപണവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജിയിൽ ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രീംകോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണം. ഇക്കാലയളവിൽ ലോക്സഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന മഹുവയുടെ ആവശ്യം കോടതി തള്ളി. അങ്ങനെ അനുമതി നൽകിയാൽ റിട്ട് ഹർജി അനുവദിക്കുന്നതിന് തുല്യമാകുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ലോക്സഭാ തീരുമാനത്തെ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുമോയെന്നതാണ് പ്രധാനപ്പെട്ട ഒരു വിഷയമെന്നും വ്യക്തമാക്കി. മഹുവയുടെ ഹർജി മാർച്ച് മൂന്നാം വാരം വീണ്ടും പരിഗണിക്കും.
വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങി പാർലമെന്റിൽ ചോദ്യമുന്നയിച്ചുവെന്ന ആരോപണമാണ് മഹുവ നേരിടുന്നത്. എത്തിക്സ് കമ്മിറ്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസംബർ എട്ടിന് പാർലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ച് വനിതാ നേതാവിനെ പുറത്താക്കുകയായിരുന്നു.
മഹുവയ്ക്കെതിരെ മുൻ പങ്കാളിയുടെ പരാതി
പശ്ചിമ ബംഗാൾ പൊലീസിലെ ബന്ധങ്ങൾ ഉപയോഗിച്ച് മഹുവ തന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് മുൻ പങ്കാളിയും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി സി.ബി.ഐയ്‌ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പരാതി നൽകി. താൻ എവിടെയൊക്കെ പോകുന്നുണ്ടെന്ന് ഫോൺ നമ്പർ ഉപയോഗിച്ച് മഹുവ ട്രാക്ക് ചെയ്യുന്നു. ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണിത്. മുൻ ആൺസുഹൃത്തിന്റെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ച കാര്യം മഹുവ തന്നെ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ജർമ്മൻ യുവതിയുമായി
ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു അത്. മഹുവയുടെ ആളുകൾ കാറിൽ തന്നെ പിന്തുടരുന്നുണ്ടെന്നും ദേഹാദ്രായിയുടെ പരാതിയിൽ ആരോപിക്കുന്നു.