
പ്രകോപന പോസ്റ്റുമിട്ടു
അയോദ്ധ്യ : രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടുപേരും സാമൂഹ്യമാദ്ധ്യമത്തിൽ പ്രകോപന പോസ്റ്റിട്ടതിന് ഒരാളും ഉത്തർപ്രദേശിൽ അറസ്റ്റിലായി. ബോംബ് ഭീഷണി മുഴക്കിയ യു.പി ഗോൻഡ സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരെയും ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യണമെന്ന് പോസ്റ്റിട്ട ഝാൻസി സ്വദേശി സിബ്രാൻ മക്രാനിയെയുമാണ് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരേയും പ്രതികൾ ബോംബ് ഭീഷണി മുഴക്കിയിരുന്നു. ഡിസംബർ 27ന് യു.പി പൊലീസ് ആസ്ഥാനത്താണ് ഭീഷണി ഇ മെയിൽ ലഭിച്ചത്. എസ്.ടി.എഫിന്റെ എ.ഡി.ജി.പി അമിതാഭ് യാഷിനും ഭീഷണി സന്ദേശം കിട്ടി. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും പാരാ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരാണെന്നാണ് വിവരം.
നവംബറിൽ എക്സ് അക്കൗണ്ടിലൂടെയും പ്രതികൾ ഭീഷണി മുഴക്കിയിരുന്നു. സന്ദേശം തയ്യാറാക്കിയ മൊബൈൽ ഫോണുകളും, വൈഫൈ റൂട്ടറും പിടിച്ചെടുത്തു.
പേര് മാറ്റി മതസ്പർദ്ധ
സൃഷ്ടിക്കാനും ശ്രമം
മുസ്ലിം പേരുകൾ ഉപയോഗിച്ചാണ് ഇ മെയിൽ ഐ.ഡികൾ ഉണ്ടാക്കിയത്. ഇതോടെ പാക് ബന്ധം വരെ അന്വേഷണ ഏജനസികൾ സംശയിച്ചു. എന്നാൽ പ്രതികൾ അറസ്റ്റിലായതോടെ ഇത് മതസ്പർദ്ധയുണ്ടാക്കാനുള്ള ശ്രമമായിരുന്നെന്ന് തെളിഞ്ഞു. ഭാരതീയ കിസാൻ മഞ്ച്, ഭാരതീയ ഗോ സേവ പരിഷത്ത് എന്നീ സംഘടനകളുടെ നേതാവ് ദേവേന്ദ്ര തിവാരിയുടെ നിർദ്ദേശപ്രകാരണമാണ് ഇമെയിൽ അയച്ചതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി . മാദ്ധ്യമശ്രദ്ധ ലഭിക്കാനായിരുന്നു ബോംബ് ഭീഷണിയെന്നാണ് മൊഴി.
ഫോട്ടോ ക്യാപ്ഷൻ : 1) സിബ്രാൻ മക്രാനി
2) തഹർ സിംഗും ഓം പ്രകാശ് മിശ്രയും