
അയോദ്ധ്യ : ജനുവരി 22ലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്
രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് 6000ൽപ്പരം ക്ഷണക്കത്തുകൾ അയച്ചു.
ക്ഷണക്കത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്ത്. അസാധാരണ ക്ഷണമെന്നാണ് കത്തിൽ പറയുന്നത്. രാംലല്ലയെ (ബാലരൂപത്തിലുള്ള രാമൻ) എല്ലാ മഹത്വത്തോടെയും ദർശിക്കാൻ ഭക്തരെ സ്വാഗതം ചെയ്യുന്നു. 495 വർഷത്തിന് ശേഷം നടക്കുന്ന, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ്വ മുഹൂർത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
പ്രാണപ്രതിഷ്ഠ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരിക്കും.
50 വിദേശ പ്രതിനിധികൾ
രാമക്ഷേത്ര സംഭവങ്ങൾ, അതിൽ പെട്ട വ്യക്തികൾ, ലഘുലേഖകൾ, ശ്രീരാമന്റെ ചിത്രം, ചടങ്ങുകളുടെ വിവരങ്ങൾ എന്നിവയും സമയക്രമവും കത്തിലുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് കത്തുകൾ. ചുവപ്പ്, സ്വർണ നിറങ്ങളിലാണ് അച്ചടി. 50 വിദേശ പ്രതിനിധികളെ എത്തിക്കാൻ ട്രസ്റ്റ് ശ്രമിക്കുന്നുണ്ട്.
രാവിലെ 11.30 - വിശിഷ്ടാതിഥികൾ എത്തും
1130 - 12.30 - പ്രാണപ്രതിഷ്ഠ മുഹൂർത്തം
ഉച്ച 12.30 - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന
വിശിഷ്ടാതിഥികൾ മടങ്ങിയ ശേഷം ക്ഷണിതാക്കൾക്ക് രാംലല്ല ദർശനം
വിഗ്രഹം 17ന് അറിയാം
പ്രതിഷ്ഠ നടത്തുന്ന രാംലല്ല വിഗ്രഹം ഏതെന്ന് ജനുവരി 17ന് പുറത്തുവിടുമെന്ന് ക്ഷേത്ര ട്രസ്റ്റി ഉഡുപ്പി പേജാവർ മഠത്തിലെ സ്വാമി വിശ്വപ്രസന്ന തീർത്ഥ അറിയിച്ചു. ശില്പത്തെ രഹസ്യ വോട്ടെടുപ്പിലൂടെ ക്ഷേത്ര ട്രസ്റ്റ് തിരഞ്ഞെടുത്തിട്ടുണ്ട്. 51 ഇഞ്ച് ഉയരമുള്ള രാംലല്ലയുടെ (ബാലനായ രാമൻ) മൂന്ന് ശില്പങ്ങളാണ് തയ്യാറാക്കിയത്. ഇതിനിടെ, സീതാ ലക്ഷ്മണ സമേതനായ രാമന്റെ ചിത്രം കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പുറത്തുവിട്ടിരുന്നു. അത് ട്രസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.