aravind-kejriwal-

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മൂന്നാം തവണയും ഇ.ഡിയുടെ സമൻസ് നിരാകരിച്ചതോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി.

അറസ്റ്റിന് ഇ.ഡി നീക്കമുണ്ടാകുമെന്ന് ആം ആദ്മി മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും ആരോപിച്ചു. ഇ.ഡി ചോദ്യങ്ങൾ എഴുതി അയയ്‌ക്കണമെന്ന് അതിഷി ആവശ്യപ്പെട്ടു. അറസ്റ്റ് അഭ്യൂഹത്തിന് പിന്നാലെ, പ്രവർത്തകരുടെ പ്രതിഷേധമുണ്ടായാൽ തടയാൻ കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പൊലീസ് ബാരിക്കേഡുകൾ ഉയർന്നു. ഇ.ഡി നാലാമതും സമൻസ് അയയ്‌ക്കുമോ, വസതി റെയ്ഡ് ചെയ്ത് അറസ്റ്റിലേക്ക് നീങ്ങുമോ എന്ന് വ്യക്തമല്ല. റിപ്പബ്ലിക് ദിന പരേഡ് ഒരുക്കങ്ങളുടെ തിരക്കിലാണെന്ന് പറഞ്ഞാണ് ജനുവരി മൂന്നിന് കേജ്‌രിവാൾ ഹാജരാകാതിരുന്നത്. നവംബർ രണ്ട്,​ ഡിസംബർ 21 തീയതികളിൽ ഹാജരാകണമെന്നായിരുന്നു മുൻ സമൻസുകൾ.

 അഴിമതിയിൽ പങ്കില്ല

മദ്യനയത്തിൽ തനിക്കെതിരായ അഴിമതി ആരോപണങ്ങൾ കേജ്‌രിവാൾ തള്ളി. റെയ്ഡും അറസ്റ്റും നടത്തുമ്പോഴും, അഴിമതിപ്പണമെന്ന് പറയുന്ന കോടികൾ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ തടയാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. സത്യസന്ധതയാണ് തന്റെ സമ്പത്ത്. അതിനെ തകർക്കാനാണ് ബി.ജെ.പി നോക്കുന്നത്. കേജ്‌രിവാൾ ഒന്നാം നമ്പർ അഴിമതിക്കാരനെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

 സി.ബി.ഐ അന്വേഷണത്തിന് അനുമതി

223 കോടിയുടെ വനംവകുപ്പ് അഴിമതി ആരോപണം അന്വേഷിക്കാൻ സി.ബി.ഐക്ക് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി. രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം. 60,000 രൂപ കൈക്കൂലി ആരോപണമുയർന്ന ഡൽഹി സർക്കാർ ആശുപത്രിയിലെ രണ്ട് സീനിയർ നഴ്സുമാർക്കുമെതിരെ അന്വേഷണത്തിന് അഴിമതി വിരുദ്ധ ബ്രാഞ്ചിനും അനുമതി നൽകി. ലഘുജോലികളുള്ള ഡ്യൂട്ടി കൊടുക്കാൻ നഴ്സിംഗ് ഓഫീസർമാരിൽ നിന്ന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി.