
ന്യൂഡൽഹി: സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്ര ഏജൻസികൾ വെറുതെ വിട്ടത് സി.പി.എമ്മിനെ സഹായിക്കാനാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.
എന്തു കൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചത് എന്തിനായിരുന്നുവെന്നും ബി.ജെ.പി വ്യക്തമാക്കണം. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും ഓഫീസുകൾ കേന്ദ്ര ഏജൻസികൾ റെയ്‌ഡു ചെയ്യുമ്പോൾ കേരളത്തിൽ സി.പി.എമ്മുമായി സന്ധി ചെയ്തു.
അന്ന് നടപടിയെടുത്തിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിലെത്തിയേനെ. അതു തടയാൻ സി.പി.എമ്മും ബി.ജെ.പിയും പരസ്പരധാരണയുണ്ടാക്കിയെന്ന ആരോപണം അടിവരയിടുന്നതാണ് പ്രധാനമന്ത്രിയുടെ തൃശൂരിലെ പ്രസംഗം.
കുഴൽപ്പണക്കേസിൽ ബി.ജെ.പിയെ സംസ്ഥാന സർക്കാർ സഹായിച്ചപ്പോൾ സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളും സംരക്ഷിച്ചു. സി.ബി.ഐ അഭിഭാഷകൻ ഹാജരാകാതെ സുപ്രീംകോടതിയിൽ ലാവ്‌ലിൻ കേസ് മാറ്റിവയ്‌ക്കുന്നതും ധാരണയുടെ ഭാഗം. യു.ഡി.എഫും എൽ.ഡി.എഫും ഏറ്റുമുട്ടുന്ന കേരളത്തിൽ ബി.ജെ.പിയുടെ ഫാസിസ്റ്റ് വർഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടില്ല. ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ ഇന്ത്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധി വേണ്ടെന്ന നിലപാടെടുത്തത് കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങളാണെന്നും സതീശൻ ആരോപിച്ചു.