rahul-gandhis

ന്യൂഡൽഹി: രാഹുൽ ഗാന്ധി ജനുവരി 14ന് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ തുടക്കമിടുന്ന യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ യാത്ര എന്നു മാറ്റിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. യാത്ര അരുണാചൽ പ്രദേശ് അടക്കം 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ആദ്യ റൂട്ടിൽ അരുണാചൽ ഉണ്ടായിരുന്നില്ല.

അരുണാചൽ ഒഴിവാക്കിയത് ചൈനയുടെ സമ്മർദ്ദം കാരണമാണെന്ന വിമർശനത്തെ തുടർന്നാണ് സംസ്ഥാനത്തെ ഇറ്റാനഗർ ഉൾപ്പെടുത്തി പുതിയ റൂട്ട് തയ്യാറാക്കാൻ ഇന്നലെ ചേർന്ന പി.സി.സി അദ്ധ്യക്ഷൻമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിൽ തീരുമാനിച്ചത്.

വൻ വിജയമായ കന്യാകുമാരി - ശ്രീനഗർ ഭാരത് ജോഡോ യാത്രയുടെ തുടർച്ചയാണ് രണ്ടാം യാത്ര. ജോഡോ യാത്ര ഒരു ബ്രാൻഡാക്കുകയാണ് ലക്ഷ്യമെന്ന് ജയ്‌റാം രമേശ് പറഞ്ഞു. 'ഇന്ത്യ' മുന്നണി നേതാക്കളെയും സമൂഹത്തിലെ പ്രമുഖരെയും ക്ഷണിക്കും.

മണിപ്പൂർ, നാഗലാൻഡ്, അസാം, അരുണാചൽ, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെയാണ് യാത്ര.

ഭാരത് ജോഡോ ന്യായ് യാത്ര:

15 സംസ്ഥാനങ്ങൾ

110 ജില്ലകൾ

100 ലോക്‌സഭാ മണ്ഡലങ്ങൾ

6,700 കിലോമീറ്റർ

66 ദിവസം

ജനുവരി 14 ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഇംഫാലിൽ തുടക്കം

യാത്ര കൂടുതലും ബസിൽ,

ദിവസവും 70-80 കിലോമീറ്റർ

ശരാശരി 8-9 കിലോമീറ്റർ കാൽനട

 ദിവസവും രാഹുലിന് രണ്ട് പൊതുപരിപാടികൾ.

 കൂടുതൽ യു. പിയിൽ:1074 കിലോമീറ്റർ (11 ദിവസം 20 ജില്ലകളിൽ).