
ന്യൂഡൽഹി: ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ മകൾ വൈ.എസ്.ശർമ്മിളയുടെ വൈ.എസ്.ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചു. സഹോദരനും മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് ശർമ്മിളയെ രംഗത്തിറക്കും.
ഡൽഹി കോൺഗ്രസ് ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങിൽ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ ശർമ്മിള കോൺഗ്രസ് അംഗത്വമെടുത്തു. ശർമ്മിളയ്‌ക്ക് എ.ഐ.സി.സി സെക്രട്ടറി സ്ഥാനവും ആന്ധ്രാപ്രദേശ് പി.സി.സി അദ്ധ്യക്ഷ സ്ഥാനവും നൽകുമെന്നറിയുന്നു. കോൺഗ്രസ് തന്നെ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് ശർമ്മിള പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണണമെന്ന തന്റെ പിതാവിന്റെ സ്വപ്‌നം സാക്ഷാത്‌ക്കരിക്കുന്നതിന്റെ ഭാഗമാണ് കോൺഗ്രസിലേക്കുള്ള വരവെന്നും അവർ സൂചിപ്പിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെലങ്കാന കേന്ദ്രീകരിച്ച് കോൺഗ്രസിൽ പ്രവർത്തിക്കാനായിരുന്നു ആഗ്രഹം. എന്നാൽ ജഗനെതിരെ ആന്ധ്രയിൽ നയിക്കാനുള്ള ദൗത്യമാണ് പാർട്ടി നൽകിയത്. അമ്മ വിജയമ്മയും ശർമ്മിളയ്‌ക്കൊപ്പമാണ്.