ന്യൂഡൽഹി: കസ്റ്രഡിയെന്നതിൽ ഏതുതരം പൊലീസ് തടഞ്ഞുവയ്ക്കലും വരുമെന്ന് സുപ്രീംകോടതി. പൊലീസിന്റെ നിരീക്ഷണത്തിലാണെങ്കിലും കസ്റ്റഡിയാണ്. അറസ്റ്റ് ഔപചാരികമായി രേഖപ്പെടുത്തിയില്ലെങ്കിലും പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് കണക്കാക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിലായാൽ ആ വ്യക്തി സ്വതന്ത്രനല്ല. പൊലീസിന്റെ നിരീക്ഷണത്തിലുമായിരിക്കും. അതിനാൽ കസ്റ്റഡി എന്നു പറഞ്ഞാൽ തെളിവ് നിയമത്തിലെ 27ാം വകുപ്പിൽ പറയുന്നതിന്റെ പരിധിയിൽ വരും. പുതുച്ചേരിയിലെ കൊലപാതകക്കേസിൽ പ്രതിയുടെ ജീവപര്യന്തം കഠിനതടവ് ശരിവച്ച വിധിയിലാണ് ഈ വിശദീകരണം.