
ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ആക്രമണക്കേസുകളിൽ പ്രതിയായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവേദ് അഹമ്മദ് മാട്ടൂ ഡൽഹിയിൽ അറസ്റ്റിലായി. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും ആറ് വെടിയുണ്ടകളും മോഷ്‌ടിച്ച കാറും കണ്ടെത്തി. ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കുറെക്കാലം മുൻപ് ജമ്മുകാശ്‌മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ മാട്ടു പാക് ചാര സംഘടന ഐ.എസ്.ഐയുടെ നിർദ്ദേശ പ്രകാരം നേപ്പാളിലേക്ക് കടന്നിരുന്നു. ജമ്മുകാശ്‌മീരിൽ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിട്ട മാട്ടു ആയുധങ്ങൾ ശേഖരിക്കാൻ ഡൽഹിയിൽ എത്തിയതാണ്. ഇയാൾ വരുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ഭീകര സ്ലീപ്പർ സെല്ലുകളെയും ആയുധ വിതരണക്കാരെയും നിരീക്ഷിച്ച് പൊലീസ് കാത്തിരുന്നു. ഒടുവിൽ
കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് നടത്തിയ ഒാപ്പറേഷനിലാണ് ഡൽഹി പൊലീസ് പ്രത്യേക സെൽ പിടികൂടിയത്.
ജമ്മു കാശ്മീരിൽ അഞ്ച് ഗ്രനേഡ് ആക്രമണങ്ങൾ അടക്കം 11 ഭീകരാക്രമണങ്ങളിൽ പങ്കുള്ള മാട്ടു സുരക്ഷാ സേനയുടെ പട്ടികയിലുള്ള 10 ഉഗ്ര ഭീകരിൽ ഒരാളാണ്.
ജമ്മുകാശ്‌മീരിലെ സോപോർ സ്വദേശിയായ ഇയാൾക്ക് പാകിസ്ഥാനിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ട്. ഐ.എസ്.ഐയുമായി ഏകോപിപ്പിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും പണവും എത്തിച്ചിരുന്നു. അഞ്ച് പൊലീസുകാരെ കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം, സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, സോപോറിലെ വീട്ടിൽ മാട്ടുവിന്റെ സഹോദരൻ ത്രിവർണ്ണ പതാക ഉയർത്തിയ വീഡിയോ വൈറലായിരുന്നു.