j

കേജ്രിവാളിന്റെ അറസ്റ്റുണ്ടായാൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. പൊതുജനങ്ങളുടെ പിന്തുണ നേടാൻ 'മേം ഭി കേജ്രിവാൾ' എന്ന ക്യാംപയിനാണ് പാർട്ടി ഇപ്പോൾ നടത്തുന്നത്.

പ്രതിപക്ഷ പാർട്ടി നേതാക്കളെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കി നിശബ്ദരാക്കാൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നുവെന്നത് 'ഇന്ത്യ' മുന്നണി നിരന്തരം ഉന്നയിക്കുന്ന ആരോപണമാണ്. അതിന്റെ ഒടുവിലത്തെ എപ്പിസോഡാണ് മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ലക്ഷ്യമിട്ടുള്ള ഇ.ഡി നീക്കങ്ങളെന്ന് ആം ആദ്മി പാർട്ടി പറയുന്നു. മൂന്നാം തവണയും ഇ.ഡിയുടെ സമൻസ് നിരാകരിച്ചതോടെ കേജ്രിവാളിനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം രാജ്യതലസ്ഥാനത്ത് ശക്തമാണ്. ആം ആദ്മി പാർട്ടി മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും അറസ്റ്റ് സംശയം പരസ്യമായി ഉന്നയിക്കുകയും ചെയ്തു. എന്നാൽ ഉടൻ അറസ്റ്റ് വേണ്ടെന്ന നിയമോപദേശം ലഭിച്ചതായി വിവരമുണ്ട്. പക്ഷെ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായാൽ നേരിടാൻ കേജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് സമീപം ബാരിക്കേഡുകൾ അടക്കം തയ്യാറാക്കി നിരത്തിയിരിക്കുകയാണ് പൊലീസ്. ഇ.ഡിയുടെ അടുത്ത നീക്കം നിർണായകമാണ്. നാലാമതും സമൻസ് അയക്കുമോ, അതോ റെയിഡും അറസ്റ്റും തുടങ്ങിയ നടപടികളിലേക്ക് കടക്കുമോ എന്നതാണ് ആം ആദ്മി പാർട്ടി അടക്കം ഉറ്റുനോക്കുന്നത്. ഇ.ഡി ചോദ്യങ്ങൾ എഴുതി അയക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

കഴിഞ്ഞ നവംബർ രണ്ട്,​ ഡിസംബർ 21 തീയതികളിൽ ഹാജരാകണമെന്ന് സമൻസ് നൽകിയിരുന്നു. ആദ്യതവണ മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും രണ്ടാമത് പത്ത് ദിവസത്തെ വിപാസന ധ്യാനത്തിനായി പഞ്ചാബ് ഹോഷിയാർപുരിലെ ധ്യാനകേന്ദ്രത്തിലേക്കും കേജ്രിവാൾ പോകുകയായിരുന്നു. ഏപ്രിൽ 16ന് സി.ബി.ഐ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്തു.

മേം ഭി

കേജ്രിവാൾ

അറസ്റ്റുണ്ടായാൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. പൊതുജനങ്ങളുടെ പിന്തുണ നേടാൻ 'മേം ഭി കേജ്രിവാൾ' എന്ന ക്യാംപയിനാണ് പാർട്ടി ഇപ്പോൾ നടത്തുന്നത്. അറസ്റ്റിലായാൽ കേജ്രിവാൾ രാജിവയ്ക്കണോ, ജയിലിൽ കിടന്ന് ഡൽഹി ഭരിക്കണോ എന്ന കാര്യത്തിൽ ജനാഭിപ്രായം ശേഖരിക്കുകയാണ് പാർട്ടി. ഡൽഹിയിലെ 24 ലക്ഷം കുടുംബങ്ങളെ പ്രവർത്തകർ ഇതിനോടകം കണ്ടുവെന്നാണ് റിപ്പോർട്ടുകൾ.

എവിടെ

കോടികൾ ?​

മദ്യനയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ തള്ളുകയാണ് കേജ്രിവാൾ. കേസിൽ ഒട്ടേറെ റെയിഡും അറസ്റ്റും നടന്നു. പക്ഷെ അഴിമതി പണം എവിടെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ തടയുകയാണ് ബി.ജെ.പി സർക്കാരിന്റെ ലക്ഷ്യം. സത്യസന്ധതയാണ് സമ്പത്ത്. അതിനെ തകർക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നു. എന്നാൽ,​ കേജ്രിവാൾ ഒന്നാം നമ്പർ അഴിമതിക്കാരനാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

അറസ്റ്റിലായവരിൽ

പാർട്ടി പ്രമുഖരും

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും, ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗും അടക്കം അറസ്റ്റിലായിരുന്നു. ഇരുവരും നിലവിൽ തീഹാർ ജയിലിലാണ്. ഫെബ്രുവരി 26ന് സിസോദിയയെ സി.ബി.ഐയും, ഒക്ടോബർ നാലിന് സഞ്ജയ് സിംഗിനെ ഇ.ഡിയും അറസ്റ്ര് ചെയ്തു. ഡൽഹിയിലെ വീട്ടിൽ പന്ത്രണ്ട് മണിക്കൂർ നീണ്ട റെയിഡിന് ശേഷമായിരുന്നു നടപടി. ഇ.ഡി കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഒക്ടോബർ 13 മുതൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ് സഞ്ജയ് സിംഗ്.

ഇന്തോ സ്‌പിരിറ്ര് കമ്പനിക്ക് മദ്യവിതരണ ലൈസൻസ് ഉറപ്പിക്കാൻ സിസോദിയയുടെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായി. ഇന്തോ സ്‌പിരിറ്റിന്റെ അപേക്ഷ ദിവസങ്ങൾ കൊണ്ട് അംഗീകരിച്ചു. തെളിവുകൾ നശിപ്പിച്ചു. ഒരു വർഷത്തിനകം 14 മൊബൈൽ ഫോണുകൾ നശിപ്പിക്കുകയോ മാറ്രുകയോ ചെയ്‌തിട്ടുണ്ട്. ഇടപാടുകൾക്കായി മറ്റുള്ളവരുടെ പേരുകളിൽ മൊബൈൽ ഫോണുകളും സിം കാർഡുകളും വാങ്ങി. ദേവേന്ദർ ശർമ എന്നയാളുടെ പേരിലുള്ള സിമ്മാണ് സിസോദിയ ഉപയോഗിച്ചതെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

നിർണായകമായി

തെലങ്കാന ബന്ധം

അഴിമതിയിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നിയമസഭാംഗവുമായ കെ. കവിതയും സംശയ നിഴലിലാണ്. ഇ.ഡിയുടെ സമൻസിനെതിരെ കവിത സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ചോദ്യം ചെയ്യൽ താത്കാലം മാറ്റിവച്ചിരിക്കുകയാണ്. മനീഷ് സിസോദിയ, മലയാളി വ്യവസായി അരുൺ രാമചന്ദ്രപിള്ള എന്നിവർക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി ശ്രമം. സിസോദിയയും കവിതയും മദ്യവ്യവസായികളുടെ സൗത്ത് ഗ്രൂപ്പിന് വേണ്ടി വൻ അഴിമതിക്ക് കളമൊരുക്കിയെന്നാണ് ആരോപണം.

അന്വേഷണത്തിന് അനുമതി

നൽകിയത് ലെഫ്റ്റനന്റ് ഗവർണർ

2021-22ലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയത് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയാണ്. സ്വകാര്യ ഷോപ്പുകൾക്ക് മാത്രമായിരുന്നു നയപ്രകാരം മദ്യവില്പനയ്ക്ക് അനുമതി. കരിഞ്ചന്ത തടയുകയും, വരുമാനം വർദ്ധിപ്പിക്കുകയുമായിരുന്നു സർക്കാർ ലക്ഷ്യം. വിവാദമായതോടെ നയം പിൻവലിച്ചു.

ബോക്സ്

ഗുരുതര ആരോപണങ്ങൾ

1. 2021ലെ മദ്യനയത്തിൽ വെള്ളം ചേർത്തു


2. സിസോദിയ പ്രധാന സൂത്രധാരനെന്ന് സി.ബി.ഐയും ഇ.ഡിയും

3. നൂറ് കോടി രൂപ സിസോദിയക്കും കൂട്ടുപ്രതികൾക്കും മുൻകൂറായി ലഭിച്ചു

4. മലയാളിയായ ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയുളള വിജയ് നായർ കൂട്ടുപ്രതി

5. വിജയ് നായ‌ർ, അഭിഷേക് ബോയിൻപളളി, ദിനേശ് അറോറ എന്നിവർ വഴിയായിരുന്നു പണമിടപാട്

6. വിജയ് നായർ അരവിന്ദ് കേജ്‌രിവാളിനും സിസോദിയക്കും വേണ്ടിയാണ് പ്രവർത്തിച്ചത്

7. സൗത്ത് മദ്യലോബിക്ക് വേണ്ടിയായിരുന്നു ആം ആദ്മി പാർട്ടി നേതാക്കളുടെ ഇടപെടലുകൾ

8. ഡൽഹിയിലെ 30 ശതമാനം മദ്യവില്പന പിടിക്കുകയായിരുന്നു സൗത്ത് കാർട്ടലിന്റെ ലക്ഷ്യം